ആലപ്പുഴ: ആലപ്പുഴ കായംകുളം എബ്നൈസർ ആശുപത്രിയിൽ പനിക്ക് ചികിൽസയിലായിരുന്ന ഒൻപതു വയസുകാരി മരിച്ചു. ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയസ്തംഭനമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കായംകുളം കണ്ണമ്പള്ളി സ്വദേശി അജിത്ത് – ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പനിയും വയറുവേദനെയും തുടർന്ന് എബ്നൈസർ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നു രാവിലെ ഐസിയുവിലേക്ക് മാറ്റി. എട്ടുമണിയോടെ കുട്ടി മരിച്ചതായി ബന്ധുക്കളെ അറിയിച്ചു. മതിയായ ചികിൽസ നൽകാത്തതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി വളപ്പിൽ പ്രതിഷേധിച്ചു. ചികിത്സയിൽ ഒരു വീഴ്ച്ചയും സംഭവിച്ചിട്ടില്ലെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർ.
പ്രതിഷേധത്തെ തുടർന്ന് കായംകുളം ഡിവൈഎസ്പി സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കായംകുളം സർക്കാർ എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആദിലക്ഷ്മി.