ന്യൂഡല്‍ഹി/കൊച്ചി: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിലുള്ള മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ 2008-ലെ യാത്രകളെ പിന്തുടർന്നുള്ള അന്വേഷണം കേരളത്തിലേക്കും.
ചോദ്യംചെയ്യല്‍ തുടരുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കും. കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട്ചെയ്യാനാണെന്ന് റാണ മൊഴിനല്‍കിയതായാണ് സൂചന. കൊച്ചിയില്‍ റാണയെ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെയും റാണയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഡേവിഡ് കോള്‍മാൻ ഹെഡ്ലി അമേരിക്കൻ അന്വേഷണ ഏജൻസികള്‍ക്കുനല്‍കിയ മൊഴികളും റാണയുടെ മൊഴികളും പരിശോധിച്ചാണ് എൻഐഎ സംഘത്തിന്റെ ചോദ്യങ്ങള്‍.
2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിനു
മുൻപാണ് റാണ കൊച്ചി സന്ദർശിച്ചത്. നവംബർ 11മുതല്‍ 21വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ യാത്രചെയ്തിരുന്നു. ഭീകരാക്രമണത്തിനു
വേണ്ട തയ്യാറെടുപ്പുകള്‍ക്കായിരുന്നു ഇതെന്നാണ് സംശയം.
2008 നവംബർ 16, 17 തീയതികളില്‍ ഭാര്യ സമ്രാസ് അക്തറിനൊപ്പമാണ് റാണ കൊച്ചിയില്‍ താമസിച്ചത്. അന്ന് റാണ 13 പേരെ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരുന്നെന്ന് എൻഐഎ കണ്ടെത്തി. കൊച്ചിയില്‍ റാണയ്ക്ക് ആരുടെ സഹായം ലഭിച്ചുവെന്നതുള്‍പ്പെടെ വിവരമാണ് അന്വേഷണസംഘം തേടുന്നത്. കേരളത്തില്‍ മറ്റെവിടെങ്കിലും റാണ താമസിച്ചിരുന്നോ എന്നും കണ്ടെത്താനുണ്ട്.