കൃഷ്ണവിഗ്രഹത്തില്‍ കടലാസ് മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു… ജസ്‌ന സലീമിനെതിരെ കേസ്

Advertisement

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീമിനെതിരേ കേസെടുത്ത് പൊലീസ്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ കടലാസ് മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
കഴിഞ്ഞമാസം ക്ഷേത്രത്തിലെ ഉത്സവസമയത്ത് നടന്ന സംഭവത്തിൽ ഗുരുവായൂർ‌ ദേവസ്വം നൽകിയ പരാതിയിലാണ് ടെംപിൾ പൊലീസ് കോസെടുത്തത്. കൃഷ്ണഭക്ത എന്ന നിലയില്‍ നേരത്തേ വൈറലായിരുന്നു ജസ്‌ന സലീം. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. അന്ന് നടപ്പുരയിൽ വീഡിയോ ചിത്രീകരണം വിലക്കി ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയില്‍ വീഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു ഹൈക്കോടതി നിർദേശം. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണ്. അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു. ഈ ഉത്തരവ് നിലനിൽക്കുമ്പോഴാണ് ജസ്ന വീണ്ടും വീഡ‍ിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.

Advertisement