ഒലിവിലകളുമായി ഓശാന ഞായർ ആചരിച്ച് ക്രൈസ്തവർ; വിശുദ്ധ വാരത്തിന് തുടക്കം

Advertisement

തിരുവനന്തപുരം: ജറുസലേമിലെത്തിയ യേശുക്രിസ്തുവിനെ വിശ്വാസികൾ ഒലിവിലകളുമായി വരവേറ്റതിൻറെ ഓർമ്മ പുതുക്കി നാടെങ്ങും ഓശാന ഞായർ ആചരിച്ചു. തിരുവനന്തപുരം നഗരത്തിൽ വിവിധ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർഥനാ ശുശ്രൂഷകളിൽ വിവിധ മതമേലധ്യക്ഷന്മാർ കാർമികത്വം വഹിച്ചു. ഓശാന ഞായർ ആചരണത്തോടെ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമായി.

പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ ഓശാന ശുശ്രൂഷകൾ നടന്നു. പാളയം സെൻറ് ജോസഫ്‌സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ ഞായറാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ കാർമികനായി.

ഇടുക്കിയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ രാജകുമാരി ദേവമാതാ പള്ളിയിൽ നടന്ന ഓശാന തിരുക്കർമ്മങ്ങൾക്ക് ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വാഴത്തോപ്പ് സെൻറ് ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം നേതൃത്വം നൽകി. തിരുക്കർമ്മങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു. ഇടുക്കി മുരിക്കുംതൊട്ടി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഓശാന കർമ്മങ്ങൾക്ക് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപോലീത്ത ഡോ. ഏലിയാസ് മാർ അത്താനാസിയോസ്‌ മുഖ്യകാർമികത്വം വഹിച്ചു.

കൊല്ലം കുണ്ടറ നല്ലില സെൻറ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ഓശാന ശുശ്രൂഷയ്ക്ക് ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. ക്രിസ്റ്റി ജോസ് സഹ കാർമികനായി. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

Advertisement