സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു വിലേക്ക് കൺതുറന്ന് കേരളം

Advertisement

തിരുവനന്തപുരം: വിഷുവിലേക്ക് കൺതുറന്ന് കേരളം. വീടുകളിലും, ക്ഷേത്രങ്ങളിലും കണി ഒരുക്കി കാത്തിരുന്നവർക്ക് മുമ്പിൽ സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും വിഷു പുലരിയെത്തി. സെക്രട്ടറിയറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശ മാരും സമരവേദിയിൽ കണി ഒരുക്കി. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലും വിഷു ദർശനത്തിന് വൻ തിരക്കാണ്.

പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നകൾ, കായ്ച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങൾ, വെള്ളരിക്കയും തണ്ണിമത്തനുമെല്ലാമായി വിളഞ്ഞുനിൽക്കുന്ന വേനൽ പച്ചക്കറിവിളകൾ, പാടത്തും പറമ്പിലുമെല്ലാം വിരുന്നെത്തുന്ന വിഷുപ്പക്ഷികള്‍- വിഷു എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങളാണ് ഇവയെല്ലാം. മലയാളികൾക്ക് വിഷു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഒപ്പം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളും വിഷു സമ്മാനിക്കുന്നു.

മലയാളമാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. പണ്ടുകാലത്ത് നിലനിന്നിരുന്ന കാര്‍ഷിക കലണ്ടർ പ്രകാരം മേടം ഒന്നാണ് വര്‍ഷാരംഭം ആയി കണക്കാക്കിയിരുന്നത്. അതിനാൽ ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നുണ്ട്. തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്.

വിഷുവുമായി ബന്ധപ്പെട്ട നിരവധിയേറെ ആചാരങ്ങൾ നമുക്കുണ്ട്. വിഷുക്കണിയാണ് ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. വിഷു കണിയെ ആശ്രയിച്ചാണ് ഒരുവർഷത്തെ ഫലം എന്ന വിശ്വാസവും വിഷുവിനെ സംബന്ധിച്ചിട്ടുണ്ട്. വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങിയ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്. കാസർക്കോട് മുതൽ തിരുവനന്തപുരം നീളുന്ന കേരളത്തിന്റെ വിഷു ആഘോഷങ്ങൾക്ക് പലയിടങ്ങളിലും പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്. മലബാറിൽ ചിലയിടങ്ങളിൽ വിഷുക്കണിയുമായി ബന്ധപ്പെട്ട് അകം കണി, പുറം കണി എന്നിങ്ങനെ ചില പ്രത്യേക​ ആചാരങ്ങളും നിലവിലുണ്ട്.

കണിയൊരുക്കലാണ് വിഷുവുമായി ബന്ധപ്പെട്ട ഓർമ്മകളിൽ പ്രധാന ചടങ്ങുകളിൽ ഒന്ന്. വിളവെടുപ്പ് ഉത്സവം എന്നു പേരുള്ളതുകൊണ്ടു തന്നെ കാര്‍ഷിക വിളകള്‍ക്കാണ് കണിയിൽ പ്രാധാന്യം. കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിൽ കൊന്നപ്പൂവ്, വെള്ളരിക്ക, ചക്ക, മാങ്ങ, മറ്റു ഫലവർഗങ്ങൾ, നാളികേരം, അഷ്ടമംഗല്യം, അരി, കോടിമുണ്ട്, സ്വർണം, പണം എന്നിവയെല്ലാം ഒരുക്കിവയ്ക്കുന്നു.

വിളഞ്ഞു പാകമായ മഞ്ഞ നിറത്തിലുള്ള വെള്ളരിക്കയാണ് കണിയ്ക്ക് ഉപയോഗിക്കുന്നത്, ചിലയിടങ്ങളിൽ ഇതിന് കണിവെള്ളരി എന്നും പേരുണ്ട്. കണി ഉരുളിയിൽ വാൽക്കണ്ണാടിയും വയ്ക്കണമെന്നാണ് നിഷ്ഠ. രാമായണം, മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളും കൃഷ്ണപ്രതിമയോ ഫോട്ടോയോ കൂടെ വയ്ക്കുന്ന പതിവുമുണ്ട്. വെള്ളം നിറച്ച കിണ്ടിയും ചിലയിടങ്ങളിൽ കണിയ്ക്ക് ഒപ്പം വയ്ക്കാറുണ്ട്.

വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണൽ. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം. കണി കണ്ടു കഴിയുമ്പോൾ വീട്ടിലെ മുതിർന്നയാൾ മറ്റുള്ളവർക്ക് വിഷുക്കൈനീട്ടം നൽകുന്നു.

Advertisement