വയനാട്: കൽപ്പറ്റയിൽ ഭാര്യയെ ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.
കേണിച്ചിറ സ്വദേശി ലിഷയാണ് മരിച്ചത്. തൂങ്ങിമരിക്കാൻ ശ്രമിച്ച ഭർത്താവ് ജില്‍സനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മക്കളെ മുറിയിലിട്ട് പൂട്ടിയതിന് ശേഷമാണ് ജില്‍സൻ കൊലപാതകം നടത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഫോണിന്റെ ചാർജിംഗ് കേബിള്‍ കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മരത്തില്‍ കയറി തൂങ്ങിമരിക്കാൻ ശ്രമിച്ച ജില്‍സൻ മരത്തില്‍ നിന്ന് നിലത്തുവീണു.
തൂങ്ങിമരിക്കാൻ ശ്രമിച്ചിട്ട് നടക്കാതായതോടെ ഇയാള്‍ വിഷം കുടിക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തു. മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈ മുറിച്ചു. കടബാധ്യതകളെ തുടർന്നാണ് ആത്മഹത്യയെന്നാണ് നിഗമനം. ആത്മഹത്യയ്‌ക്ക് ശ്രമിച്ചതിന് പിന്നാലെ ഇയാള്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചു. ഈ വിവരം സുഹൃത്ത് പ്രദേശവാസിയോട് പറഞ്ഞിരുന്നു. രാവിലെ ഇവരെത്തി പരിശോധിച്ചപ്പോഴാണ് ലിഷയെ കൊല്ലപ്പെട്ട നിലയിലും ജില്‍സനെ ഗുരുതരാവസ്ഥയിലും കാണുന്നത്.