കിഫ്ബി സി ഇ ഒ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കില്ല; മുഖ്യമന്ത്രിക്ക് വേണമെങ്കിൽ പുറത്താക്കാമെന്ന് കെ.എം എബ്രഹാം, മുഖ്യമന്ത്രി സമ്മര്‍ദ്ദത്തില്‍

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സൂപ്പര്‍ പവര്‍മാനെതിരെ സിബിഐ അന്വേഷണം വരുമ്പോള്‍ പിണറായി വിജയനും ആഭ്യന്തര വകുപ്പും വീണ്ടും സമ്മര്‍ദ്ദത്തിലായി. താൻ രാജിക്കില്ലെന്നും മുഖ്യമന്ത്രിക്ക് വേണമെങ്കിൽ പുറത്താക്കാമെന്നും
കിഫ്ബി സി ഇ ഒ കെ.എം എബ്രഹാം പറഞ്ഞു. അന്വേഷണം സധൈര്യം നേരിടുമെന്നും ജോമോൻ പുത്തൻപുരയ്ക്കലിനും ജേക്കബ് തോമസിനും തന്നോട് വിരോധമെന്നും ജീവനക്കാർക്കുള്ള വിഷുദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടുമ്പോൾ വിജിലന്‍സിന്റെ തലപ്പത്ത് മുന്‍ ഡിജിപി ജേക്കബ് തോമസായിരുന്നു. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോയപ്പോള്‍ കെ.എം. എബ്രഹാം കുടുങ്ങുമെന്നായി.
ഇതോടെ ജേക്കബ് തോമസിനെ മാറ്റി. പകരം എത്തിയത് മുന്‍ ഡിജിപിയും നിലവില്‍ കൊച്ചി മെട്രോയുടെ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റയായിരുന്നു. ഇതോടെ അന്വേഷണം കീഴ്‌മേല്‍ മറിഞ്ഞു. കേസ് അന്വേഷിച്ച എസ്പി രാജേന്ദ്രനും ലോക്‌നാഥ് ബെഹ്‌റയുമായി ചേര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എബ്രഹാമിന് അനുകൂലമായി എല്ലാം എഴുതിയെന്ന് വിമർശനമുയർന്നു. തുടര്‍ന്ന് നടന്ന ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിലും മാറ്റമുണ്ടായില്ല. ഇരു അന്വേഷണങ്ങളിലും അപാകത ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷിക്കണമന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
നയതന്ത്ര ബാഗേജു വഴി നടത്തിയ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെ അതേ തസ്തികയിലാണ് കെ.എന്‍.എബ്രഹാം ഇപ്പോള്‍ ഇരിക്കുന്നത്. കൂടാതെ കോടിക്കണക്കിന് രൂപയുടെ കരാര്‍ പണികള്‍ നടത്തുന്ന കിഫ്ബിയുടെ സിഇഒ സ്ഥാനത്തും.

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചശേഷവും കൈവിടാതെ ലക്ഷക്കണക്കിന് രൂപ ശമ്പളം നല്‍കി എബ്രഹാമിനെ മുഖ്യമന്ത്രി കൂടെകൂട്ടിയത് ശിവശങ്കരനെപ്പോലെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന നിലയിലാണ്. ചീഫ് സെക്രട്ടറിയെപ്പോലും നിയന്ത്രിക്കാനുള്ള സ്ഥാനമാണ് നല്‍കിയത്.
എസ്‌എഫ്‌ഐഒ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കെയാണ് കെ.എ. എബ്രഹാമിനെതിരെയുള്ള സിബിഐ അന്വേഷണം. മുഖ്യമന്ത്രിക്ക് ഇതും പ്രതിരോധിക്കേണ്ടി വരും. അതിനാല്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പില്‍ പോകാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

Advertisement