മംഗലാപുരം സ്വദേശിയായ ഓട്ടോ ഡ്രൈവറെ കൊന്ന് മഞ്ചേശ്വരത്തെ കിണറ്റിൽ തള്ളിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മംഗലാപുരം സ്വദേശിയായ അഭിഷേക് ഷെട്ടിയാണ് പിടിയിലായത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. മംഗലാപുരം മുൾക്കി സ്വദേശിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ് ഷരീഫിൻ്റെ കൊലപാതത്തിലാണ് മംഗലാപുരം സ്വദേശിയായ അഭിഷേക് ഷെട്ടിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം.
മംഗലാപുരത്തെ റയാൻ ഇൻ്റർനാഷണൽ സ്‌കൂളിലെ ബസ് ഡ്രൈവറായിരുന്നു അഭിഷേകും ഡ്രൈവറായ മുഹമ്മദ് ഷെരീഫും വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് വാക് തർക്കമുണ്ടായി. ഇരുവരും തമ്മിൽ പലപ്പോഴായി പ്രശ്നമുടലെടുത്തതോടെ അഭിഷേകിന് സ്കൂളിലെ ജോലി നഷ്ടമായി. ഇതിനെത്തുടർന്നുണ്ടായ വൈരാഗ്യത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു കൊലപാതകം.
മുഹമ്മദ് ഷരീഫിൻ്റെ ഓട്ടോ വിളിച്ച് അഭിഷേക് നേരത്തെ പല തവണ വന്നിട്ടുള്ള അടുക്കയിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുത്തിയും വെട്ടിയും കൊലപ്പെടുത്തി മരണം ഉറപ്പാക്കിയ ശേഷം കിണറ്റിൽ തള്ളുകയായിരുന്നു.
വ്യാഴാഴ്ച കുഞ്ചത്തൂരിലെ ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോറിക്ഷ നിർത്തിയിട്ടത് കണ്ട് നാട്ടുകാർ നടത്തിയ തെരച്ചിലാണ് കിണറിൽ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഷെരീഫിനെ കാണാതായതിനെ തുടർന്ന് കുടുംബം മുൾക്കി പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മൃതദേഹം മഞ്ചേശ്വരത്തെ കിണറിൽ കണ്ടെത്തിയത്.
പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
തുടർന്ന് കാണാതായ സമയത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നിരന്തരം ലഹരി ഉപയോഗിച്ചിരുന്ന പ്രതി കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.