ഹൈബ്രിഡ് കഞ്ചാവ് കേസ്, എക്സൈസ് നോട്ടീസ് അയച്ചത് സിനിമ നടൻമാർ ഉൾപ്പടെ അഞ്ചുപേർക്ക്

Advertisement

ആലപ്പുഴ. ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് എക്സൈസ് നോട്ടീസ് അയച്ചത് സിനിമ നടൻമാർ ഉൾപ്പടെ അഞ്ചുപേർക്ക്. നടന്മാരായ ശ്രീനാഥ്‌ ഭാസി ഷൈൻ ടോം ചാക്കോ എന്നിവർക്ക് പുറമെ സിനിമ മേഖലയുമായി ബന്ധപ്പെട്ട മറ്റൊരാൾക്ക്‌ കൂടി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകിയിട്ടുണ്ട്. കൊച്ചിയിലെ ഒരു മോഡൽ, മുൻ ബിഗ് ബോസ് താരം എന്നിവർക്കും നോട്ടീസ് നൽകി. ഈ മൂന്നു പേരുമായും തസ്ലിമ സുൽത്താന സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എന്തിനു വേണ്ടിയാണ് പണമിടപാട് നടത്തിയത് എന്നതിൽ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടോ എന്നും പരിശോധിക്കും.

ശ്രീനാഥ്‌ ഭാസി, ഷൈൻ ടോം ചാക്കോ, കൊച്ചിയിലെ മോഡൽ, ബിഗ് ബോസ്സ് താരം എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് നിർദേശം നൽകിയത്. പ്രതികൾ മൂന്നു പേരെ ഇന്നലെ എറണാകുളത്തെ ഇവർ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്റെ ഫ്ലാറ്റിലും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കസ്റ്റഡികാലാവധി പൂർത്തിയാക്കുന്ന പ്രതികളെ ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും. പ്രതി തസ്ലീമ സുൽത്താന്റെ ഫോണിൽ നിന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധിച്ചു എന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡി കാലാവധി നീട്ടി കിട്ടാനും എക്സൈസ് അപേക്ഷ നൽകിയേക്കാം

Advertisement