കിറ്റക്സിനുമുന്നില്‍ തെലങ്കാന സമര്‍പ്പിക്കുന്ന വാഗ്ദാനക്കൂന ഇങ്ങനെയാണ്

Advertisement

കേരളത്തില്‍ നിന്നും നഷ്ടമാകുന്ന 3,500 കോടി രൂപയുടെ വ്യവസായ നിക്ഷേപവുമായി തെലുങ്കാനയിലെത്തുന്ന കിറ്റെക്‌സ് ഗ്രൂപ്പിന്റെ മുന്നില്‍ വാഗ്ദാനക്കൂനയുമാണ് തെലുങ്കാന നില്‍ക്കുന്നത്. തെലങ്കാന സര്‍ക്കാര്‍ തങ്ങളെ ഒരു കൂടിക്കാഴചയ്ക്ക് ക്ഷണിച്ചതായി കിറ്റെക്‌സ് അറിയിച്ചിരുന്നു. തെലങ്കാനയില്‍ നിക്ഷേപം നടത്താനുള്ള സാധ്യത ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ചയെന്ന് കിറ്റെക്‌സ് പ്രസ്താവനയില്‍ പറഞ്ഞു. സ്വകാര്യവിമാനം അയച്ചാണ് ആറംഗസംഘത്തെ തെലങ്കാന വരവേല്‍ക്കുന്നത്.

കിറ്റെക്‌സിന് മുന്നില്‍ തെലങ്കാന ഒട്ടേറെ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അവയിങ്ങനെ

  1. 50 മുതല്‍ 1000 പേര്‍ക്ക് വരെ തൊഴില്‍ നല്‍കിയാല്‍ നിക്ഷേപത്തിന്റെ 35 ശതമാനം വരെ സബ്സിഡി. 40 കോടി രൂപ വരെ സംരംഭകര്‍ക്ക് ലാഭിക്കാം

2)വാടകയ്ക്ക് എടുക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ ആദ്യ അഞ്ച് വര്‍ഷത്തേക്ക് 25 ശതമാനം വരെ സബ്‌സിഡി

3)പുതിയ സംരംഭങ്ങള്‍ക്കുള്ള ലോണിന്റെ 75 ശതമാനം വരെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് ശതമാനം പലിശയ്ക്ക് സര്‍ക്കാര്‍ ലഭ്യമാക്കും. എട്ടു വര്‍ഷം വരെ ഇതിന്റെ പലിശയിളവ് ലഭിക്കും

4)50 മുതല്‍ 200 ജീവനക്കാര്‍ക്ക് വരെ തൊഴില്‍ നല്‍കുന്ന സംരംഭകര്‍ക്ക് യൂണിറ്റിന് ഒരു രൂപ നിരക്കില്‍ വൈദ്യുതി. വന്‍കിട സംരംഭങ്ങള്‍ക്ക് യൂണിറ്റിന് പരമാവധി രണ്ട് രൂപ വരെ നിരക്ക് ഈടാക്കും

5)തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള കെട്ടിടം പണിയുന്നതിന് സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ സഹായം

6)സംരംഭം തുടങ്ങി ഏഴ് വര്‍ഷത്തേക്ക് വാറ്റ്, ജിഎസ്ടി തുടങ്ങിയവ ഒഴിവാക്കും

7)കയറ്റുമതി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭങ്ങള്‍ക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ്. ആദ്യ രണ്ട് വര്‍ഷത്തേക്ക് 75 ശതമാനം വരെ ഇളവ് ലഭിക്കും

8)സംരംഭം പാട്ടത്തിന് എടുക്കുന്ന സ്ഥലത്തിന്റെ സ്റ്റാമ്ബ് ഡ്യൂട്ടിയടക്കം സര്‍ക്കാര്‍ വഹിക്കും

9)ഉല്‍പ്പന്നങ്ങളുടെ ഡിസൈനിനുള്ള തുകയുടെ 20 ശതമാനം വരെ സര്‍ക്കാര്‍ നല്‍കും

10)തൊഴിലാളികള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ സഹായം

11)റോഡ് സൗകര്യവും വെള്ളവും സര്‍ക്കാര്‍ നല്‍കും

12)മാലിന്യ സംസ്‌കരണ പ്ലാന്റ് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കും

തെലങ്കാന വ്യവസായമന്ത്രി കെടി രാമറാവു


ഇതിനു പുറമേ മറ്റു പല പുതിയ ഇളവുകളും കൂടിക്കാഴ്ചയില്‍ വാഗ്ദാനം ചെയ്‌തേക്കാമെന്നും സൂചനയുണ്ട്.
തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എംഡി സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഹൈദരാബാദിലെത്തുന്നത്. തെലങ്കാന സര്‍ക്കാര്‍ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്സ് സംഘം യാത്ര തിരിക്കുന്നത്. നെടുമ്ബാശേരിയിലെത്തുന്ന ജെറ്റ് വിമാനത്തില്‍ തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക ഉദ്യോഗസ്ഥന്‍ കിറ്റെക്സ് സംഘത്തെ അനുഗമിക്കും.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകന്‍ കൂടിയായ വ്യവസായ മന്ത്രി കെ.ടി. രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് സംഘം ഹൈദരാബാദില്‍ എത്തുന്നത്. ഹൈദരാബാദിലെത്തുന്ന സംഘം വ്യവസായമന്ത്രി രാമറാവുവിനൊപ്പം ഉച്ചഭക്ഷണം കഴിക്കും. തുടര്‍ന്ന് മന്ത്രിയുമായി ചര്‍ച്ച നടത്തും.

ഉച്ചയ്ക്ക് ശേഷം കക്കാതിയ മെഗാ ടെക്സ്‌റ്റൈയില്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്ന സംഘം വൈകിട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. രാത്രി തെലങ്കാന ടെക്സ്റ്റൈയില്‍സ് മില്‍സ് അസോസിയേഷനുമായുള്ള യോഗവും നടക്കും. ശനിയാഴ്ച രാവിലെ വെല്‍സ്പണ്‍ ഫാക്ടറി സന്ദര്‍ശിക്കുന്ന സംഘവുമായി ഉച്ചയോടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള അവസാനവട്ട ചര്‍ച്ച വ്യവസായ മന്ത്രിയുമായി നടത്തും. ശനിയാഴ്ച ഉച്ചക്ക് ശേഷം സംഘം ഹൈദരാബാദില്‍ നിന്നും മടങ്ങും. തങ്ങളെ ചവിട്ടിപുറത്താക്കുകയായിരുന്നു എന്നുപറയുന്ന സാബു ജേക്കബിന്റെ പ്രസ്താവനയില്‍തന്നെ ഏറ്റവും വ്യവസായ സൗഹൃദമായ സംസ്ഥാനം തെലങ്കാനയാണ് എന്ന് സൂചനയുണ്ട്. ഇത് തെലങ്കാനയുമായി കൈകൊടുക്കുന്നതിന്റെ ഉറച്ച സൂചനയാണ്. കേരള സര്‍ക്കാരിന് ഇതുവരെ കിറ്റക്‌സിനെ പാട്ടിലാക്കാനുള്ള ഒരു വാഗ്ദാനംപോലും നല്‍കാനായിട്ടില്ലെന്നുമാത്രമല്ല. പാര്‍ട്ടി മെക്കാനിസം പൂര്‍ണമായി കിറ്റക്‌സിനെതിരായ സമൂഹമാധ്യമപ്രചരണത്തില്‍ വ്യാപൃതരാണ്. ഇത് വലിയ വൈരാഗ്യമാണ് കമ്പനി അനുകൂലികളില്‍ ഉണ്ടാക്കുന്നത്.

Advertisement