എസ്ബിഐ അക്കൗണ്ടുള്ളവര്‍ ഇതു ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ തട്ടിപ്പിനിരയാകും, പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്

Advertisement

തൃശൂര്‍ : എസ്ബിഐയുടെ ഏറെ പ്രചാരമുള്ള യോനോ ആപ്‌ളിക്കേഷന്‍ തകരാറെന്ന പേരില്‍ വന്‍തട്ടിപ്പ്. ബാങ്കില്‍നിന്നാണെന്ന വ്യാജേന മൊബൈല്‍ ഫോണുകളിലേക്കു സന്ദേശം അയച്ച്ാണ് പണം തട്ടിയെടുക്കുന്നത്. തൃശൂര്‍ സിറ്റി പോലീസ് സൈബര്‍ ക്രൈം വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്നാണെന്ന വ്യാജേനയാണ് സന്ദേശങ്ങള്‍ എത്തുന്നത്.

ഇടപാടുകാരുടെ എസ്ബിഐ യോനോ ആപ്ലിക്കേഷന്‍ സര്‍വീസ് തടസപ്പെട്ടിരിക്കുകയാണെന്നും അപ്‌ഡേറ്റ് ചെയ്തു പുനരാരംഭിക്കാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം. സന്ദേശം ശരിയാണെന്നു ധരിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയവര്‍ക്ക് അക്കൗണ്ടിലെ പണം നഷ്ടമായെന്നു പോലീസ് വെളിപ്പെടുത്തുന്നു. യഥാര്‍ഥ സന്ദേശമാണെന്നു വിശ്വസിച്ച് ഉപഭോക്താവ്, ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്കിന്റേതെന്നു തോന്നുന്ന വെബ്‌സൈറ്റിലേക്കാണു പ്രവേശിക്കുന്നത്. അവിടെ യൂസര്‍നെയിം, പാസ്വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ബാങ്കിന്റെ യഥാര്‍ഥ വെബ്‌സൈറ്റ് ആണെന്നു തെറ്റിദ്ധരിച്ച് ഉപഭോക്താവ് വിവരങ്ങള്‍ നല്‍കുന്നു. യഥാര്‍ഥത്തില്‍ തട്ടിപ്പുസംഘത്തിന്റെ വ്യാജ വെബ്‌സൈറ്റിലേക്കു പാസ്വേഡ് അടക്കമുള്ള വിവരങ്ങള്‍ ചോരുകയാണു ചെയ്യുന്നത്.


എസ്ബിഐയില്‍ നിന്നും എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്നും വരുന്ന എസ്എംഎസ് സന്ദേശങ്ങളില്‍ വിശ്വസിക്കരുത്.

2.എസ്എംഎസില്‍ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്.

  1. ബാങ്കിങ്ങ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ URL ശ്രദ്ധിക്കുക. SBI അല്ലെങ്കില്‍ ഇതര ബാങ്കിങ്ങ് ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകള്‍ നടത്തുക.
  2. സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടണമെന്നും പൊലീസ് അറിയിക്കുന്നു.