പാവപ്പെട്ട മുന്നാക്ക സമുദായക്കാർക്ക് ‘വിദ്യാസമുന്നതി’ സ്‌കോളർഷിപ്പ്: ഓൺലൈൻ വഴി ഒക്ടോ.30 വരെ അപേക്ഷിക്കാം.

Advertisement


പ്ലസ് വൺ മുതൽ പി എച്ച്. ഡി. പഠിക്കുന്നവർക്ക് വരെ അപേക്ഷിക്കാം.
കുടുംബവാർഷിക വരുമാനം നാല് ലക്ഷം (4,00,000/-) രൂപയിൽ കവിയാത്ത മുന്നാക്ക സമുദായ വിദ്യാർഥികൾക്ക്, വിവിധ കോഴ്‌സുകളിൽ പഠിക്കുന്നതിനു 2021-22 വർഷത്തെ ‘വിദ്യാസമുന്നതി’ സ്‌കോളർഷിപ്പുകൾ ലഭിക്കാൻ അക്ഷയ കേന്ദ്രങ്ങൾ വഴി  2021 ഒക്ടോബർ 30 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 

വെബ്സൈറ്റിലെ ഡേറ്റാ ബാങ്കിൽ ഒറ്റത്തവണ റജിസ്റ്റർ ചെയ്തുകിട്ടുന്ന നമ്പർ ഉപയോഗിച്ചു വേണം അപേക്ഷ സമർപ്പിക്കാൻ.  ഈ സ്കോളർഷിപ്പ് പുതുക്കൽ ഇല്ലാത്തതിനാൽ മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതാണ്.  അതതു സ്കീമിനുള്ള രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുകയും വേണം.


സംവരണാനുകൂല്യം ഇല്ലാത്തവർക്കാണ് ധനസഹായം. മറ്റു സർക്കാർ സ്കോളർഷിപ്പോ സ്റ്റൈപെൻ‍ഡോ ലഭിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
മുൻവർഷങ്ങളിൽ സഹായം കിട്ടി, പഠനം തുടരുന്നവർ പഴയ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചു വീണ്ടും അപേക്ഷിക്കണം. പുതുക്കൽ രീതിയില്ല. കേരള സംസ്‌ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ വഴിയാണു സഹായവിതരണം.


വിവിധ കോഴ്സുകളും സ്കോളർഷിപ്പുകളും യോഗ്യതകളും:


1. ഹയർ സെക്കൻഡറി തലം:
സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്ന 10,500 കുട്ടികൾക്കു 4,000 രൂപ വീതം വാർഷിക സ്കോളർഷിപ്പ് ലഭിക്കുന്നു. എസ്എസ്എൽസി / തത്തുല്യ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 70% മാർക്ക് അഥവാ ബി+ ഗ്രേഡ് ഉണ്ടായിരിക്കണം.


2. ബിരുദതലം:
കേരളത്തിലെ സർക്കാർ / എയ്ഡഡ് / സ്വാശ്രയ കോളജുകളിൽ പ്രഫഷനൽ / നോൺ പ്രഫഷനൽ ബിരുദകോഴ്‌സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.  3,500 പ്രഫഷനൽ വിദ്യാർഥികൾക്ക് 8,000 രൂപ ക്രമത്തിലും, 10,000 നോൺ പ്രഫഷനൽ വിദ്യാർഥികൾക്ക് 6,000 രൂപ ക്രമത്തിലും വാർഷിക സ്കോളർഷിപ് ലഭിക്കുന്നതാണ്.
പ്ലസ്ടുവിന് 70% എങ്കിലും മാർക്ക് അഥവാ ‌തുല്യഗ്രേഡ് വേണം.  കേന്ദ്ര സർവ്വകലാശാലകൾ / അഖിലേന്ത്യാ തലത്തിലുള്ള മത്സര പരീക്ഷകൾ വഴി അന്യസംസ്ഥാനങ്ങളിൽ മെഡിക്കൽ പ്രവേശനം കിട്ടിയവർക്കും അപേക്ഷിക്കാം. അപേക്ഷകന് 35 വയസ്സ് തികയുവാൻ പാടില്ല.

3. ബിരുദാനന്തര ബിരുദ (പി.ജി.) തലം: കേരളത്തിലെ സർക്കാർ / എയ്ഡഡ് / സ്വാശ്രയ കോളജുകളിൽ പ്രഫഷനൽ / നോൺ പ്രഫഷനൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. 250 പ്രഫഷനൽ വിദ്യാർഥികൾക്ക് 16,000 രൂപ ക്രമത്തിലും, 1,960 നോൺ പ്രഫഷനൽ വിദ്യാർഥികൾക്ക് 10,000 രൂപ ക്രമത്തിലും വാർഷിക സ്കോളർഷിപ് ലഭിക്കുന്നതാണ്.
സയൻസ് വിഭാഗക്കാർ 60%, ആർട്‌സ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, നിയമം, മെഡിക്കൽ, ടെക്നിക്കൽ വിഭാഗക്കാർ 55% എന്ന ക്രമത്തിലെങ്കിലും ബിരുദത്തിനു മാർക്ക് നേടിയിരിക്കണം. ഇന്റഗ്രേറ്റഡ് കോഴ്സുകൾ ചെയ്യുന്നവർക്ക് പ്ലസ് ടു തലത്തിൽ 70% മാർക്ക് ഉണ്ടായിരിക്കണം.  അപേക്ഷകന് 35 വയസ്സ് തികയുവാൻ പാടില്ല.


4. ദേശീയനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകൾ:
ഐ ഐ ടി, ഐ ഐ എം, എ ഐ എം എസ്, ജിപ്മർ, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, നാഷനൽ ലോ സ്‌കൂൾ, എൻ ഐ ടി, നാഷനൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ, എൻ ഐ എഫ് ടി മുതലായ ശ്രേഷ്‌ഠസ്‌ഥാപനങ്ങളിലെ അർഹരായ 78 വിദ്യാർഥികൾക്ക് 50,000 രൂപ വരെ വാർഷിക സ്കോളർഷിപ്പ് ലഭിക്കുന്നു.  അപേക്ഷകന് 35 വയസ്സ് തികയുവാൻ പാടില്ല.

ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിനായി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് എസ് എം എസ് അയക്കുന്നതാണ്.  എസ് എം എസ് ലഭിക്കുന്ന അപേക്ഷകർമാത്രം ഓൺലൈൻ അപേക്ഷയുടെ പകർപ്പും ഫീസ് ഒടുക്കിയതിന്റെ അസ്സൽ രസീതും നിർദ്ദേശിച്ചിട്ടുള്ള രേഖകളും തപാലിൽ അയച്ചു കൊടുക്കേണ്ടതാണ്.

5. സിവിൽ സർവീസസ് പരീക്ഷാ പരിശീലനം:
സിവിൽ സർവീസസ് പ്രിലിമിനറി കോഴ്സിന് 40 പേർക്ക് ധനസഹായമായി പരമാവധി 15,000 രൂപയും, മെയിൻസ് കോഴ്സിന് തെരഞ്ഞെടുക്കപ്പെട്ട 20 പേർക്ക് പരമാവധി 25,000 രൂപയും, തെരഞ്ഞെടുക്കപ്പെട്ട 10 ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിന് പങ്കെടുക്കുവാൻ ധനസഹായമായി പരമാവധി 30,000 രൂപയും ആണ് ലഭിക്കുക.  അപേക്ഷകരുടെ പ്രായപരിധി 32 വയസ്സാണ്.

പരിശീലന ധനസഹായത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് അപേക്ഷയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് എസ് എം എസ് ലഭിക്കുന്നതാണ്.  എസ് എം എസ് ലഭിക്കുന്ന അപേക്ഷകർ മാത്രം അപേക്ഷയും നിശ്ചിത രേഖകളും തപാലിൽ അയച്ചു കൊടുക്കേണ്ടതാണ്.

6. ബാങ്ക്, പിഎസ്‌സി, യുപിഎസ്‌സി, മറ്റു മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനം:
ധനസഹായമായി 800 പേർക്ക് പരമാവധി 6,000 രൂപവരെ ലഭിക്കും.  പരീക്ഷാപരിശീലന സഹായത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് അപേക്ഷയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് എസ് എം എസ് ലഭിക്കുന്നതാണ്. 

എസ് എം എസ് ലഭിക്കുന്ന അപേക്ഷകർ മാത്രം അപേക്ഷയും നിശ്ചിത രേഖകളും തപാലിൽ അയച്ചു കൊടുക്കേണ്ടതാണ്.
കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ പ്രസ്തുത പരീക്ഷാ പരിശീലന സഹായം മുമ്പ് ലഭിച്ചവർ പുതുതായി അപേക്ഷിക്കാൻ അർഹരല്ല.

7. മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരീക്ഷാ പരിശീലനം:
ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും ധനസഹായം ലഭ്യമാണ്.
ബിരുദതലത്തിൽ 605 വിദ്യാർഥികൾക്ക് പരമാവധി 10,000 രൂപ വീതം ധനസഹായം ലഭിക്കും. പ്ല‌സ്ടുവിൽ ബന്ധപ്പെട്ട ഓപ്ഷനൽ വിഷയങ്ങൾക്ക് 70% മാർക്ക് അഥവാ ബി+ ഗ്രേഡ് വേണം. 20 വയസ്സാണ് പ്രായപരിധി.


ബിരുദാനന്തര ബിരുദ തലത്തിൽ ബിരുദത്തിന് 60 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയെടുക്കേണ്ടതാണ്.  പ്രായപരിധി നിശ്ചയിച്ചിട്ടില്ല. 200 പേർക്കാണ് 10,000 രൂപ വീതം ധനസഹായം അനുവദിക്കുന്നത്.
പരീക്ഷാ ധനസഹായത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് അപേക്ഷയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് എസ് എം എസ് ലഭിക്കുന്നതാണ്.  എസ് എം എസ് ലഭിക്കുന്ന അപേക്ഷകർ മാത്രം അപേക്ഷയും നിശ്ചിത രേഖകളും തപാലിൽ അയച്ചു കൊടുക്കേണ്ടതാണ്.

8. ചാർട്ടേർഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്, സി എം എ / ഐ സി ഡബ്ല്യു എ കോഴ്സുകൾ:
ഈ കോഴ്‌സുകളുടെ ഫൈനൽ പരീക്ഷയ്‌ക്കു തയാറെടുക്കുന്ന 90 പേർക്ക് 10,000 രൂപ വീതം വാർഷിക സ്കോളർഷിപ്പ്. 35 വയസ്സു തികയരുത്. ഇന്റർ ജയിച്ചു നാലു വർഷം കഴിയരുത്. വാർഷിക കുടുംബ വരുമാനം നാല് ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.

9. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ:
കേരളത്തിലെ സർക്കാർ / സർക്കാർ അംഗീകൃത സ്‌ഥാപനങ്ങളിൽ പഠിക്കുന്ന 1,000 വിദ്യാർഥികൾക്ക് 6,000 രൂപ വീതം വാർഷിക സ്കോളർഷിപ്പ്.  ഇതിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ എസ്എസ്എൽസി / തുല്യത പരീക്ഷയിൽ 60% മാർക്ക് അഥവാ ബി ഗ്രേഡ് നേടിയിരിക്കണം. 25 വയസ്സു തികയരുത്.

10. ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്:
കേരളത്തിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റികൾ / യു ജി സി അംഗീകാരമുള്ള ഇന്ത്യയിലെ ഇതര യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ എംഫിൽ, പിഎച്ച്ഡി വിദ്യാർത്ഥികളായ 20 പേർക്ക് 25,000 രൂപ വീതം സ്കോളർഷിപ്പ്.  ബിരുദാനന്തര ബിരുദ തലത്തിൽ 55 ശതമാനം മാർക്ക് നേടിയിരിക്കണം.

വിലാസം:  കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ, എൽ 2, കുലീന, ജവാഹർ നഗർ, കവടിയാർ പി ഒ, തിരുവനന്തപുരം – 695 003, ഫോൺ : 0471–2311215, 6238170312. ഇ–മെയിൽ: kswcfcscholarship@gmail.com; വെബ്: www.kswcfc.org.

പൂർണവിവരങ്ങൾ കോഴ്സ് തിരിച്ച് വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. വിശദവിവരങ്ങൾക്കും സംശയപരിഹാരത്തിനും കോർപറേഷനുമായോ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രവുമായോ ബന്ധപ്പെടാവുന്നതാണ്