മലപ്പുറം . പീഡനത്തിനിരയായ 17കാരി യൂട്യൂബ് നോക്കി പരസഹായമില്ലാതെ പ്രസവിച്ചു. മലപ്പുറം കോട്ടക്കലിലാണ് പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പ്രസവരീതി മനസിലാക്കി സ്വയം കൃത്യം നടത്തിയത്. വീട്ടുകാര്‍ അറിയാതെയാണ് പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. ഈ മാസം 20നാണ് സംഭവം നടക്കുന്നത്. മൂന്ന് ദിവസത്തോളം പെണ്‍കുട്ടി വിവരം വീട്ടില്‍ മറച്ചുവെച്ചു. 23-ാം തീയതിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടേയും കുഞ്ഞിന്റേയും ആരോഗ്യ നില തൃപ്തികരമാണ്. സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അയല്‍വാസിയായ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മയ്ക്ക് കാഴ്ച്ചക്കുറവുണ്ട്. വീട്ടിലെ സാഹചര്യമാണ് പെണ്‍കുട്ടിയെ ഇങ്ങനെയൊരു സംഭവത്തിലേക്ക് എത്തിച്ചതെന്നാണ് ശിശുക്ഷേമ വകുപ്പിന്റെ വിലയിരുത്തല്‍.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവെയ്ക്കുകയായിരുന്നു. പിതാവ് രാത്രി ജോലിയ്ക്ക് പോകും. പകല്‍ സമയം കൂടുതലും ഉറക്കമായിരിക്കും. ഇത് മറയാക്കി അയല്‍വാസിയായ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവരമുണ്ട്. വിവാഹ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
