മോനെ കാണാൻ നാരായണിയമ്മക്ക് ആഗ്രഹം, അമ്മയെ കാണാൻ വീട്ടിലെത്തി രാമചന്ദ്രൻ

Advertisement

പാലക്കാട്: കോവിഡും പ്രായാധിക്യവുമായതോടെ വീടിനുള്ളിൽ ഒതുങ്ങിയ നാരായണിയമ്മക്ക് പൊന്നു പോലെ പരിപാലിച്ച മകനെ ഒന്ന് കാണണമെന്ന് ആഗ്രഹം.

ആവശ്യം മനസിനുള്ളിൽ നാളുകളായി ഒളിപ്പിച്ചുവെച്ചുവെങ്കിലും കഴിഞ്ഞ ദിവസം കൂടെയുള്ളവരോടും മറ്റും പറഞ്ഞു.

ഇത് കേട്ടതിനു പിന്നാലെ രാവിലെ തന്നെ അമ്മയെ കാണാൻ ആരാധകരേറെയുള്ള സൂപ്പർ സ്റ്റാർ മകൻ വീട്ടിലേക്കെത്തി. അമ്മയുടെയും മകന്റെയും സ്നേഹപ്രകടനം കണ്ടതോടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു.

കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലെ ജീവനക്കാരിയായിരുന്ന നാരായണിയമ്മയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ആളുകളുടെ ഹൃദയം നിറച്ചത്. ജീവനായി സ്നേഹിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ദേവിയുടെ പ്രസാദമുൾപ്പെടെ ഇഷ്ടഭക്ഷണങ്ങൾ പലതും നൽകാറുണ്ടായിരുന്നു നാരായണിയമ്മ. വാർധക്യംമൂലം പുറത്തിറങ്ങാതെ വീട്ടിൽ കഴിയവേ നാരായണിയമ്മയ്ക്കൊരു മോഹം; രാമചന്ദ്രനെ ഒന്നു കാണണം. വിവരമറിഞ്ഞ് പാപ്പാന്മാരായ നെന്മാറ രാമനും രാജേഷും ചേർന്ന് ആ കൂടിക്കാഴ്‌ചയ്ക്ക് അവസരമൊരുക്കി. അങ്ങനെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നാരായണിയമ്മയുടെ വീട്ടുമുറ്റത്തെത്തി. ആ കൈയിൽനിന്ന്‌ പഴവും ശർക്കരയുമെല്ലാം വാങ്ങിക്കഴിക്കുകയും ചെയ്തു.