വനിതാ ശാക്തീകരണത്തെക്കുറിച്ച് വാതോരാതെ പ്രസംഗം, പ്രവൃത്തികൾ മുഴുവൻ സ്ത്രീകളെ ദ്രോഹിക്കുന്നത്

Advertisement

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു സർക്കാർ ഉത്തരവ് സ്ത്രീകളെ അക്ഷരാർത്ഥത്തിൽ കുരുക്കിലാക്കിയിരിക്കുകയാണ്. സ്ത്രീകളും ഭിന്നശേഷിക്കാരും മുതിർന്ന പൗരൻമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിയിൽ ദീർഘദൂര ബസുകൾ നിർത്തേണ്ടതില്ലെന്ന ഉത്തരവാണ് രാത്രിയിൽ ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്ന ഈ വിഭാഗത്തിൽ പെട്ടവരെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വിദ്യാർത്ഥിനികളെയും ജോലിക്കാരായ സ്ത്രീകളെയും മറ്റും സഹായിക്കാനാണ് രാത്രിയിൽ അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ കെഎസ്ആർടിസി ബസ് നിർത്തണമെന്ന ഉത്തരവ് പുറത്തിറക്കിയത്. ഈ വിഭാഗത്തിൽ പെടുന്ന സ്ത്രീകളുടെ നിരന്തര ആവശ്യം പരിഗണിച്ചായിരുന്നു ഇത്തരമൊരു തീരുമാനം. സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി സർക്കാർ കൈക്കൊണ്ട ഈ തീരുമാനത്തെ എല്ലാ വിഭാഗങ്ങളും കയ്യടിയോടെയാണ് സ്വീകരിച്ചത്. എന്നാൽ ഇതെല്ലാം പെട്ടെന്ന് ഒരു ദിവസം കൊണ്ട് അട്ടിമറിച്ചിരിക്കുകയാണ് ഇടതുപക്ഷ സർ്ക്കാർ.

വീട്ടിൽ നിന്ന് ഏറെ അകലെയുള്ള സ്ഥലങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് ഫാസ്റ്റുകളിലും സൂപ്പർ ഫാസ്റ്റുകളിലും മറ്റും അനുവദനീയമായ സ്റ്റോപ്പുകളിൽ മാത്രം വന്നിറങ്ങിയാൽ പിന്നീട് വീടുകളിൽ എത്തിച്ചേരാൻ മതിയായ സൗകര്യങ്ങൾ ലഭിക്കാത്തത് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരുന്നത്. നടന്ന് പോകാമെന്ന് വച്ചാൽ അസമയത്തുള്ള സാമൂഹ്യവിരുദ്ധ ശല്യങ്ങളും ഇവർക്ക് ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. സ്ത്രീകളും മറ്റും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന ഉത്തരവ് നിലനിൽക്കെ തന്നെ കെഎസ്ആർടിസി ബസിലെ ചില ജീവനക്കാരെങ്കിലും ഇത് പാലിക്കാൻ തയാറായിരുന്നില്ല. പലപ്പോഴും യാത്രക്കാരും ജീവനക്കാരും തമ്മിൽ ഇതിന്റെ പേരിൽ തർക്കങ്ങളും പതിവായിരുന്നു. ജീവനക്കാരുടെ സൗകര്യത്തിന് വേണ്ടിയാണോ യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടിയാണോ കെഎസ്ആർടിസി സർവീസ് നടത്തുന്നത് എന്ന ചോദ്യമാണ് പുതിയ ഉത്തരവ് പുറത്ത് വന്നതോടെ ഉയരുന്ന ചോദ്യം.

ഹോസ്റ്റലുകളിലും മറ്റും താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിനികളുടെ വാരാന്ത്യ യാത്രകളും ഐടി, മാധ്യമ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും ദൈനംദിന യാത്രകളുമാണ് ഇതോടെ വലിയ ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നത്. സർക്കാർ ഉടനടി തന്നെ ഈ തീരുമാനം പിൻവലിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. മാധ്യമമേഖലയിൽ ദീർഘകാലം പ്രവർത്തിക്കുകയും ഇത്തരം വിഭാഗത്തിൽ പെടുന്നവരുടെ പ്രശ്‌നങ്ങൾ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തിട്ടുള്ള ഒരു സ്ത്രീ കൂടി അംഗമായ ഒരു മന്ത്രിസഭയിൽ നിന്ന് ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുന്നത് എത്രമാത്രം നിരാശയാണ് ഈ രംഗത്ത് ഉള്ളവർക്ക് സമ്മാനിക്കുന്നത് എന്ന് കൂടി അധികൃതർ അറിയണം. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി നിലകൊള്ളുന്ന സർക്കാൻ എന്ന് വീമ്പിളക്കുകയും കാര്യങ്ങൾ വരുമ്പോൾ അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല. ജീവനക്കാരെ സ്ത്രീ സൗഹൃദരാക്കി സജ്ജരാക്കുന്നതിന് പകരം കടക വിരുദ്ധമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് സർക്കാരിന് വലിയ തിരിച്ചടികളാകും സമ്മാനിക്കുക.