ജീവന് വേണ്ടി മല്ലിട്ട് വാവ സുരേഷ്, പ്രാര്‍ത്ഥനയോടെ കേരളം

Advertisement


നമ്മുടെ സ്വന്തം വാവ സുരേഷിനെ കഴിഞ്ഞ ദിവസമാണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ കേരളം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട വാവയ്ക്ക് ഒന്നും വരുത്തരുതേ എന്നാണ് നാടിന്റെ കണ്ണീരോടെയുള്ള പ്രാര്‍ത്ഥന.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും സുരേഷിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. ഇയാള്‍ നാടിന് എത്രമാത്രം പ്രിയപ്പെട്ടവനാണ് എന്നതിന്റെ ദൃഷ്ടാന്തമാണ് സാമൂഹ്യമാധ്യമങ്ങളിലെ പലരുടെയും കുറിപ്പുകള്‍.

ചലച്ചിത്രതാരങ്ങളായ ജയറാം, സീമാ ജി നായര്‍, സന്തോഷ് പണ്ഡിറ്റ്, ബിനീഷ് ബാസ്റ്റിന്‍, സുബിസുരേഷ്, ലക്ഷ്മി പ്രിയ, നാദിര്‍ഷ തുടങ്ങയ പ്രശസ്തര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള നിരവധി പേരാണ് വാവ സുരേഷിന്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥനയോടെ പോസ്റ്റുകള്‍ പങ്കുവച്ചത്.

ദൈവം കൂടെയുണ്ട്, ഞങ്ങളുടെയൊക്കെ പ്രാര്‍ത്ഥന കൂടെയുണ്ട് എന്നാണ് ജയറാം കുറിച്ചത്. വാവ സുരേഷിന്റെ നില ഗുരുതരമാണെന്ന് കേള്‍ക്കുന്നു ഈ നല്ല മനുഷ്യന്റെ വരവിനായി പ്രാര്‍ത്ഥിക്കണമെന്ന് സുബി സുരേഷ് കുറിച്ചു. ഒന്നും സംഭവിക്കില്ല ഒരുപാടു പേരുടെയ പ്രാര്‍ത്ഥനയുണ്ട് സഹോദരാ, പടച്ചവനെ എന്റെ പ്രിയ സഹോദരനെ കാക്കണേയെന്നായിരുന്നു നാദിര്‍ഷ കുറിച്ചത്.

മനുഷ്യനെക്കാള്‍ വിഷമുള്ള പാമ്പൊന്നും ഇവിടെയില്ല, നിങ്ങള്‍ക്കൊന്നും സംഭവിക്കില്ല സുരേഷേട്ടാ എന്നാണ് ലക്ഷ്മിപ്രിയയുടെ കുറിപ്പ്.

പ്രാര്‍ത്ഥനയോടെ , വേഗം തിരിച്ച് വരണം ജീവിതത്തിലേക്ക്, കഴിഞ്ഞ ദിവസവും ഞാന്‍ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്. അപ്പോള്‍ പറഞ്ഞു എല്ലാവര്‍ഷവും ഇങ്ങനെ പ്രശ്‌നം ഉണ്ടാകുമെന്ന്. പക്ഷേ..പ്രാര്‍ത്ഥനയോടെ…സീമ ജി നായരുടെ വാക്കുകള്‍ ഇങ്ങനെ ഏറെ ഹൃദയസ്പര്‍ശിയായാണ്.

സുരേഷേട്ടന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ സമൂഹത്തിന് അദ്ദേഹത്തെ ആവശ്യമുണ്ട്. ഭാവിയില്‍ എങ്കിലും പാമ്പിനെ പിടിക്കുമ്പോള്‍ കൂടുതല്‍ സ്വയം സുരക്ഷ കൂടി നോക്കി ചെയ്യണമെന്ന അപേക്ഷയും പണ്ഡിറ്റ് മുന്നോട്ട് വയ്ക്കുന്നു.

ഏതായാലും നാടിന്റെ പ്രാര്‍ത്ഥനകള്‍ സര്‍വ്വേശ്വരന്റെ അടുത്ത് എത്തി എന്ന് വേണം കരുതാന്‍. ശുഭകരമായ വാര്‍ത്തകളാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് വരുന്നത്. പൂര്‍ണ അബോധാവസ്ഥയില്‍ നിന്ന് അര്‍ദ്ധബോധാവസ്ഥയിലേക്ക് സുരേഷ് എത്തിയെന്നാണ് ഒടുവില്‍ വരുന്ന വിവരം. നമുക്ക് പ്രാര്‍ത്ഥിക്കാം. ജീവിതത്തിലേക്ക് വാ വാ സുരേഷ്….