കൽപറ്റ: വില കുത്തനെ കുറഞ്ഞതോടെ ഏലം കർഷകർ പ്രതിസന്ധിയിൽ. ജില്ലയിൽ രണ്ടുവർഷത്തിനിടെ ഏലത്തിന്റെ വില കുത്തനെ ഇടിഞ്ഞ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലെത്തി നിൽക്കുകയാണ്.
ഒരു കിലോ ഏലത്തിന് 850-900 രൂപയാണ് ഇപ്പോഴുള്ളത്.
ഉൽപാദന ചെലവിന് ആനുപാതികമായി കണക്കാക്കിയാൽ കുറഞ്ഞത് കിലോഗ്രാമിന് 1700 രൂപയെങ്കിലും ലഭിച്ചാലേ കൃഷി മുമ്പോട്ടുകൊണ്ടുപോകാനാകൂ എന്ന അവസ്ഥയാണെന്ന് കർഷകർ പറയുന്നു. ഒരു കിലോ ഏലത്തിന് ഉൽപാദന ചെലവ് 1300 രൂപക്ക് മുകളിൽ വരും.
വളം, കീടനാശിനി വില ഇരട്ടിയായതിനൊപ്പം ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും വെല്ലുവിളിയാണ്. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ഒമിക്രോൺ ഭീതിയും ഏലത്തിന്റെ വിലയിടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
വയനാട്ടിൽ മേപ്പാടി, കള്ളാടി ഭാഗത്താണ് ഏലംകൃഷി കൂടുതലുള്ളത്. വയനാടൻ കാലാവസ്ഥ ഏലം കൃഷിക്ക് പറ്റിയതാണെങ്കിലും ഇടുക്കി ജില്ലയിലേതുപോലെ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നില്ല. ഗുണനിലവാരത്തിലും വയനാടൻ ഏലം ഏറെ മുൻപന്തിയിലാണ്. കാപ്പി, കവുങ്ങ് തുടങ്ങിയ കൃഷികൾക്കൊപ്പം ഇടവിളയായാണ് മിക്ക കർഷകരും വയനാട്ടിൽ ഏലം കൃഷി ചെയ്യുന്നത്. വില കൂടുതലുള്ളതു കാരണം മുൻകാലങ്ങളിൽ ഒന്നോ രണ്ടോ ഏക്കറിലൊക്കെ ഏലം മാത്രമായി കൃഷി ചെയ്തവരുമുണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനവും പരിചരണക്കുറവും പല തോട്ടങ്ങളെയും പ്രതിസന്ധിയിലാക്കി.
എന്നാൽ, പരമ്പരാഗതമായി മികച്ച വില ലഭിച്ചുകൊണ്ടിരുന്ന ഏലം ഇക്കുറി ഏറെ താഴേക്ക് പോയതോടെ കർഷകർ തീർത്തും പ്രതിസന്ധിയിലാവുകയായിരുന്നു. മേപ്പാടി ഭാഗത്തെ ചില എസ്റ്റേറ്റുകളിൽ ഏലം വൻതോതിൽ കൃഷി ചെയ്യുന്നുണ്ട്. കാപ്പി വർഷത്തിൽ ഒരുതവണ മാത്രമാണ് വിളവെടുപ്പ് എന്നിരിക്കേ, തൊഴിലാളികളുടെ കൂലി വിതരണമടക്കം എസ്റ്റേറ്റിലെ ദൈനംദിന ചെലവുകൾ മുന്നോട്ടുപോയിരുന്നത് ഏലം വിളവെടുപ്പിനെ ആശ്രയിച്ചായിരുന്നു. എന്നാൽ, ഉൽപാദന ചെലവ് ലഭിക്കാത്ത രീതിയിൽ വിലയിടിഞ്ഞതോടെ എസ്റ്റേറ്റുകളും പ്രതിസന്ധി നേരിടുകയാണ്. കൽപറ്റ ഉൾപ്പെടെ ജില്ലയുടെ പല ഭാഗങ്ങളിലും കുരങ്ങും കാട്ടുപന്നിയും അടക്കമുള്ള വന്യമൃഗങ്ങൾ ഏലംകൃഷി നശിപ്പിക്കുന്നതും പതിവാണ്.
തറവില പ്രഖ്യാപിക്കണം
ഉത്തരേന്ത്യൻ വ്യാപാരികളും ലേല ഏജൻസികളും ചേർന്ന് നടത്തുന്ന കള്ളക്കളിയിലൂടെ കേരളത്തിലെ ഏല കർഷ കർക്ക് ലഭിക്കേണ്ട ലാഭം ചോർത്തുകയാണെന്നാണ് ആക്ഷേപം. ഉത്തരേന്ത്യൻ വിപണിയിൽ ഏലത്തിന്റെ വിലയിൽ കാര്യമായ കുറവൊന്നും വന്നിട്ടില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
ഏലത്തിന് തറവില പ്രഖ്യാപിക്കുകയാണ് ഇതിനുള്ള പരിഹാരമാർഗമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. സ്പൈസസ് ബോർഡാകട്ടെ ഇതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഏലത്തിന് 2500 രൂപയെങ്കിലും തറ വില നിശ്ചയിക്കുകയും വളങ്ങളുടെ അമിത വില വർധന തടയാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്.
കയറ്റുമതി കുറഞ്ഞു, വിലയിടിഞ്ഞു
ഏലത്തിന്റെ വിദേശ കയറ്റുമതി ഗണ്യമായി കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. അമിത കീടനാശിനി പ്രയോഗവും കൃത്രിമ കളർ ചേർക്കുന്നതും ഏലത്തിന്റെ കയറ്റുമതിയെ ബാധിക്കുമെന്ന് സ്പൈസസ് ബോർഡ് അറിയിച്ചിരുന്നു. 2017ൽ 5000 മെട്രിക് ടണ്ണിന് മുകളിലാണ് ഏലയ്ക്ക കയറ്റി അയച്ചത്.
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞവർഷം ഇത് 2000 മെട്രിക് ടണ്ണിൽ താഴെയായി. 2021ൽ 6500 ടൺ കയറ്റി അയക്കാൻ സാധിക്കുമെന്നായിരുന്നു സ്പൈസസ് ബോർഡിന്റെ കണക്കുകൂട്ടൽ. എന്നാൽ, പകുതി പോലും കഴിഞ്ഞിട്ടില്ല. ഗുണനിലവാരത്തിൽ ഇന്ത്യൻ ഏലത്തേക്കാൾ പിന്നിലുള്ള ഗ്വാട്ടിമാല ഏലം വ്യാപകമായി ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതും വിലയിടിവിന് കാരണമായി.