മാർക്ക് നിർണയത്തിൽ അശാസ്ത്രീയതയെന്ന് പരാതി: ജുഡിഷ്യൽ സർവീസ് നിയമനത്തിൽ അർഹർ തഴയപ്പെട്ടു, വ്യാപക പരാതി

Advertisement

തിരുവനന്തപുരം: എഴുത്തു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ഉദ്യോഗാർത്ഥികൾ അഭിമുഖപരീക്ഷയിൽ മിനിമം മാർക്ക് പോലും ലഭിക്കാതെ കൂട്ടത്തോടെ തഴയപ്പെട്ടെന്ന് ആക്ഷേപം.

കേരള ജുഡിഷ്യൽ സർവീസ് പരീക്ഷാ നടത്തിപ്പിനെതിരെയാണ് വ്യാപകമായി പരാതിയുയർന്നിരിക്കുന്നത്. മജിസ്ട്രേറ്റ് നിയമനത്തിനുള്ളതാണ് കേരള ജുഡിഷ്യൽ സർവീസ് പരീക്ഷ.

തഴയപ്പെട്ട ഉദ്യോഗാർത്ഥികളിൽ പലർക്കും എഴുത്തുപരീക്ഷയിൽ ലഭിച്ച മൊത്തം മാർക്കിനേക്കാൾ വളരെ കുറവാണ് യോഗ്യത നേടിയവർക്ക് കിട്ടിയിട്ടുള്ള മൊത്തം മാർക്ക് എന്നതാണ് പരീക്ഷാനടത്തിപ്പിലെ അപാകതയ്ക്ക് തെളിവായി ഉയർത്തിക്കാട്ടുന്നത്.

പ്രിലിമിനറി, മെയിൻ എന്നിങ്ങനെ എഴുത്തുപരീക്ഷകളും വൈവവോസിയും എന്ന രീതിയിലാണ് ജുഡിഷ്യൽ സർവീസ് പരീക്ഷ. പ്രിലിമിനറി പരീക്ഷ ഒബ്ജക്ടീവ് ടൈപ്പാണ്. ഇതിന് കുറഞ്ഞത് നൂറ് മാർക്ക് കട്ട് ഒഫ് ഉണ്ട്. പ്രിലിമിനറി പരീക്ഷ എഴുതിയവരിൽ കൂടിയ മാർക്ക് നേടിയവരെയാണ് മെയിൻ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കുക. മെയിൻ പരീക്ഷ എഴുതിയവരിൽ നിന്ന്, ആകെ ഒഴിവുകളുടെ മൂന്നിരട്ടി പേരെ വരെ അഭിമുഖപരീക്ഷയ്ക്ക് തിരഞ്ഞെടുക്കും. കൂടിയ മാർക്ക് നോക്കി, മൂന്നിരട്ടി എണ്ണം തികയുന്നത് വരെയുള്ളവരെയാണ് തിരഞ്ഞെടുക്കുക. വൈവയ്ക്ക് മിനിമം 20 മാർക്ക് നേടിയിരിക്കണം. വൈവ പരീക്ഷയ്ക്ക് ഇത്തരത്തിൽ മിനിമം മാർക്ക് പരിധി നിശ്ചയിച്ചതിനെ മറയാക്കിയാണ് പലപ്പോഴും യോഗ്യരായവർ പിന്തള്ളപ്പെടുന്നതെന്നാണ് ആക്ഷേപം.

മെയിൻ പരീക്ഷയ്ക്ക് ആകെ നാല് പേപ്പറുകളാണ്. ഇംഗ്ലീഷും മൂന്ന് നിയമസംബന്ധിയായ പേപ്പറുകളും. ഇവയോരോന്നും നൂറ് മാർക്കിന്റെ വീതമാണ്. വൈവ പരീക്ഷ 50 മാർക്കിന്റേതാണ്. ഇതിലാണ് മിനിമം 20 മാർക്ക് നേടേണ്ടത്. മെയിൻ പരീക്ഷയ്ക്ക് അറുപത് ശതമാനം മാർക്ക് നേടിയവർ പോലും വൈവ പരീക്ഷയ്ക്ക് കുറഞ്ഞ മാർക്കിൽ ഒതുക്കപ്പെട്ടതിനെതിരെയാണ് പരാതികളുയരുന്നത്.

ഉദാഹരണത്തിന് വൈവ പരീക്ഷയിൽ കൃത്യം 20 മാർക്ക് നേടിയ ഒരുദ്യോഗാർത്ഥിക്ക് എഴുത്തുപരീക്ഷയിൽ നാല് പേപ്പറുകളിലുമായി കിട്ടിയത് 179 മാർക്കാണ്. എന്നാൽ നാല് എഴുത്തുപരീക്ഷകളിലുമായി 202.5 മാർക്ക് നേടിയ ഒരു ഉദ്യോഗാർത്ഥി വൈവാ പരീക്ഷയിൽ വെറും എട്ട് മാർക്കിൽ ഒതുക്കപ്പെട്ട് പുറത്തായി. നിയമവുമായി ബന്ധപ്പെട്ട മൂന്ന് പേപ്പറുകളിലും 60ന് മുകളിൽ മാർക്ക് നേടിയ ഒരുദ്യോഗാർത്ഥിയും അഭിമുഖപരീക്ഷയിൽ 16 മാർക്ക് മാത്രം നേടിയതിനാൽ തഴയപ്പെട്ടു. ഇത്തരത്തിൽ തഴയപ്പെട്ട ഹതഭാഗ്യരായ ഉദ്യോഗാർത്ഥികളാണ് കൂട്ടത്തോടെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹൈക്കോടതി ന്യായാധിപന്മാരടങ്ങുന്ന പാനലാണ് വൈവാ പരീക്ഷ നടത്തുന്നത്. ജുഡിഷ്യൽ സർവീസിലേക്ക് നാല് ഒഴിവുകളെടുക്കുമ്ബോൾ മൂന്ന് പേർ നേരിട്ടുള്ള നിയമനത്തിലൂടെയും ഒരാൾ ബൈട്രാൻസ്ഫർ മുഖേനയുമാണ് തിരഞ്ഞെടുക്കപ്പെടുക. ഇത്തവണ ഉണ്ടായത് 47 ഒഴിവുകളാണ്. ഇതുപ്രകാരം ബൈ ട്രാൻസ്ഫർ മുഖേന നിയമനം ലഭിക്കാവുന്നത് 11 പേർക്കാണ്. എന്നാൽ അഞ്ച് പേർ മാത്രമാണ് പരിഗണിക്കപ്പെട്ടത്.