അര്‍ധരാത്രിയില്‍ ചായ കുടിക്കാന്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചെത്തിയ യുവസംഘത്തിന് പൊലീസ് ചായയിട്ടുനല്‍കി

Advertisement

മലപ്പുറം.അര്‍ധരാത്രിയില്‍ ചായ കുടിക്കാന്‍ 25 കിലോമീറ്റര്‍ വണ്ടിയോടിച്ചെത്തിയ ആറംഗസംഘത്തിന് സ്‌റ്റേഷനില്‍ ചായയിട്ട് കൊടുത്ത് പെരിന്തല്‍മണ്ണ പൊലീസ്.രാത്രി 1 മണിയോടെയാണ് കാറിലും ബൈക്കിലുമായി ആഞ്ഞിലങ്ങാടി സ്വദേശികള്‍ ചായ കുടിക്കാനിറങ്ങിയത്.അര്‍ധരാത്രിയില്‍ അനാവശ്യമായി കറങ്ങി നടക്കരുതെന്ന ബോധവല്‍ക്കരണം നല്‍കുകയായിരുന്നു സ്‌നേഹചായയിലൂടെ പൊലീസ് ലക്ഷ്യം

ചായ തപ്പി ടൗണിലൂടെ സഞ്ചരിക്കവേയാണ് ആറംഗസംഘം നൈറ്റ് പെട്രോളിംഗിനിറങ്ങിയ സിഐ നൗഷാദിന്റെയും സംഘത്തിന്റെയും മുന്നില്‍പ്പെട്ടത്..ചായയന്വേഷിച്ചെത്തിയതാണെന്ന് പറഞ്ഞപ്പോള്‍ ചായ ഞങ്ങളിട്ട് തരാമെന്നായി പൊലീസ്..അങ്ങനെ യൂവാക്കളുടെ സംഘത്തിന് സ്റ്റേഷനില്‍ പൊലീസ് വക നല്ല അസ്സല്‍ ചായ..

ഒരു മണിക്കൂറിലധികം പൊലീസുകാരുമായി കുശലം പറഞ്ഞ ശേഷമാണ് യുവാക്കള്‍ വീടുകളിലേക്ക് മടങ്ങിയത്.ഇവരുടെ വീട്ടുകാരേയും പൊലീസ് വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു..ഒട്ടും പ്രശ്‌നക്കാരല്ലെന്ന് ഉറപ്പിച്ച ശേഷമാണ് പൊലീസിവരെ യാത്രയാക്കിയത്