തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്ക് പരിഷ്കരിച്ച ശമ്പള സ്കെയിൽ അടിസ്ഥാനമാക്കി നൽകേണ്ട 2022 ജനുവരി മാസത്തെ ശമ്പള വിതരണം ഈ മാസം 10 നകം പൂർത്തിയാക്കും.
കെഎസ്‌ആർടിസി സിഎംഡി ആണ് ഇക്കാര്യം അറിയിച്ചത്.
സ്പാർക്കിന്റെ ഭേദഗതിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ അതാത് യൂണിറ്റ് ഓഫീസർമാർ ജീവനക്കാരുടെ ശമ്പളം പുനർ നിർണയിച്ച് ഫെബ്രുവരി ഏഴാം തീയതി വൈകിട്ട് 3 മണിക്ക് മുൻപായി ചീഫ് ഓഫീസിൽ എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക്, പത്താം തീയതിക്ക് മുൻപ് തന്നെ ശമ്പളം നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും , പുതുക്കിയ സ്കെയിലുള്ള ശമ്പള നിർണ്ണയത്തിൽ ഏന്തെങ്കിലും പിശക് സംഭവിച്ചതായി കണ്ടെത്തുകയാണെങ്കിൽ അത് പരിഹരിച്ച് തുടർന്നുള്ള മാസത്തെ ശമ്പളത്തിൽ ക്രമീകരിച്ച് നൽകുമെന്നും സിഎംഡി അറിയിച്ചു.
സ്പാർക്കിന് അനുസരിച്ചുള്ള ഭേദഗതി വരുത്താനുള്ള കാലതാമസവും ഇ- ഓഫീസ് കഴിഞ്ഞ മാസം 25 മുതൽ പ്രവർത്തന രഹിതമായതും കണക്കിലെടുത്താണ് ശമ്പളം നൽകാൻ വൈകുന്നത്.