മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗഗൻ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി പരീക്ഷണപ്പറക്കൽ നടത്തി.ജി.പി.എസ്.
സഹായത്തോടെ വിമാനമിറക്കുന്നതിനുള്ള സംവിധാനമാണിത്.
എയർപോർട്ട് അതോറിറ്റിയുടെ ബീച്ച് ക്രാഫ്റ്റ് വിമാനമാണ് വിമാനത്താവളത്തിൽ രണ്ടു ദിവസത്തെ കാലിബ്രേഷൻ നടത്തിയത്. ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഹായത്തോടെ വിമാനങ്ങൾക്ക് സുരക്ഷിതമായി റൺവേയിൽ ലാൻഡ് ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഗഗൻ (ജി.പി.എസ്.എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷൻ) വഴി ചെയ്യുന്നത്.
രാജ്യത്ത് ആദ്യമായി കണ്ണൂർ വിമാനത്താവളത്തിലാണ് ഈ സംവിധാനം പരീക്ഷിച്ച് നടപ്പാക്കുന്നത്. ഐ.എസ്.ആർ.ഒ.യും എയർപോർട്ട് അതോറിറ്റിയും ചേർന്ന് 774 കോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുക . ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൈലറ്റ് വിമാനം നിയന്ത്രിക്കുക. മോശം കാലാവസ്ഥയിലും റൺവേയിൽ സുരക്ഷിതമായി വിമാനമിറക്കാൻ ഇതുവഴി കഴിയും . അപ്രോച്ച് പ്രൊസീജിയർ കാലിബ്രേഷൻ വെള്ളിയാഴ്ച വൈകീട്ടോടെയാണ് പൂർത്തിയായത്.
പരിശോധനയുടെ റിപ്പോർട്ട് ഡി.ജി.സി.എക്ക് കൈമാറും. കാലിബ്രേഷൻ വിമാനം പറത്തിയത്പൈലറ്റ് അനൂപ് കച്ച്‌റു, സഹ പൈലറ്റ് ശക്തി സിംഗ് എന്നിവരാണ് . എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരായ ഷംസർ സിംഗ്, എൽ.ഡി. മൊഹന്തി, നവീൻ ദൂദി, ഡി.ജി.സി.എ ഉദ്യോഗസ്ഥരായ രവീന്ദർ സിംഗ് ജംവാൾ, വാസു ഗുപ്ത, എ.എം.ഇ തരുൺ അഹ്ലാവത്ത്, ടെക്നീഷ്യൻ സച്ചിൻ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കിയാൽ സി.ഒ.ഒ എം. സുഭാഷ്, ഓപ്പറേഷൻസ് ഹെഡ് രാജേഷ് പൊതുവാൾ എന്നിവരും പങ്കെടുത്തു.