ഇരിങ്ങാലക്കുട: വയനാട് വന്യജീവി സങ്കേതത്തിൽനിന്ന് പുതിയ ഇനം ചിലന്തിയെയും കലിക്കറ്റ് സർവകലാശാല കാമ്പസിൽ നിന്ന് തേരട്ടയെയും കണ്ടെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകർ.
വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽനിന്ന് കിട്ടിയ പുതിയ ചിലന്തിക്ക് ‘കാർഹോട്ടസ് തോൽപെട്ടിയെൻസിസ്’ (Carrhotus tholpettyensis) എന്ന ശാസ്ത്രനാമമാണ് നൽകിയിരിക്കുന്നത്.
പെൺചിലന്തിക്ക് ആറ് മില്ലി മീറ്റർ നീളവും ആൺ ചിലന്തിക്ക് അഞ്ച് മില്ലി മീറ്റർ നീളവുമാണ്. ഇരുണ്ട നിറത്തോടുകൂടിയ ശരീരത്തിൽ വെളുത്ത നിറത്തിലുള്ള കുത്തുകളും ശിരസ്സിലും ഉദരത്തിലും ചന്ദ്രക്കല അടയാളവും കാണാം. കണ്ണുകൾക്ക് ചുറ്റുമായി ഓറഞ്ച് നിറത്തിലുള്ള ശല്കങ്ങളുമുണ്ട്.
ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. എ.വി. സുധികുമാറിൻറെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ തൃശൂർ വിമല കോളജിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപകൻ ഡോ. പി.പി. സുധിൻ, ഗവേഷണ വിദ്യാർഥി കെ.എസ്. നഫിൻ, ചെന്നൈ ലയോള കോളജിലെ ഡോ. ജോൺ കാലേബ് എന്നിവർ പങ്കാളികളായ ഈ കണ്ടെത്തൽ റഷ്യയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ‘ആർത്രോപോഡ സെലെക്ട’യുടെ (Arthropoda Selecta) അവസാന ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കലിക്കറ്റ് സർവകലാശാല കാമ്പസിൽ നടത്തിയ പഠനത്തിലാണ് പുതിയ ഇനം തേരട്ടയെ കണ്ടെത്തിയത്. ‘ഡെലാർത്യം അനോമലൻസ്’ (Delarthrum anomalans) എന്ന ശാസ്ത്രനാമം നൽകിയിരിക്കുന്ന ഇവയുടെ ശരീരം തിളക്കമാർന്ന കരിം തവിട്ട് നിറത്തിലുള്ളതാണ്. ആൺതേരട്ടക്ക് 17 മില്ലിമീറ്റർ നീളവും പെൺ തേരട്ടക്ക് 15 മില്ലിമീറ്റർ നീളവുമാണ് ഉള്ളത്. ശരീരത്തിൻറെ അടിഭാഗം ഇളം മഞ്ഞ നിറത്തിലാണ്. 20 ശരീര ഖണ്ഡങ്ങളുള്ള ഇവക്ക് 26 ജോഡി കാലുകളുണ്ട്. പരന്ന ശരീരമുള്ള ഇവ ചപ്പുചവറുകൾക്കിടയിലാണ് ജീവിക്കുന്നത്.
ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർഥിനി അശ്വതി ദാസ്, തൃശൂർ കേരളവർമ കോളജിലെ ജന്തു ശാസ്ത്ര വിഭാഗം അധ്യാപിക ഡോ. ഉഷ ഭഗീരഥൻ, റഷ്യൻ അക്കാദമി ഓഫ് സയൻസിലെ തേരട്ട ഗവേഷകനായ ഡോ. സെർജി ഗോളോവാച്ച് എന്നിവർ ഈ പഠനത്തിൽ പങ്കെടുത്തു.
ഈ കണ്ടെത്തൽ ലോകത്തിലെ ഒന്നാം നമ്പർ വർഗീകരണ ശാസ്ത്ര മാസികയായ സൂടാക്സയുടെ അവസാന ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.