വിദേശപര്യടനത്തിന് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

Advertisement

തിരുവനന്തപുരം: ചികിത്സയ്ക്കും വിദേശപര്യടനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി.

ഒരിടവേളക്ക് ശേഷം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ വീണ്ടും സജീവ ചർച്ചയായിരിക്കെയാണ് മുഖ്യമന്ത്രിയുടെ വരവ്. എം ശിവശങ്കറിന്റെ പുസ്തകവും സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലും തീർത്തിരിക്കുന്ന പ്രതിസന്ധി മറികടക്കുകയാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. കഴിഞ്ഞ മാസം 14 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിക്കുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമല്ല തിരിച്ചെത്തുമ്പോൾ.

മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ പുസ്തകത്തിലെ തുറന്നെഴുത്തും അതിനോട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളും ഒന്ന് കെട്ടടങ്ങിയ സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളെ വീണ്ടും പൊതുമധ്യത്തിൽ സജീവ ചർച്ചയാക്കിക്കഴിഞ്ഞു. സ്വർണക്കടത്ത് കേസിൽ പ്രതിയാക്കപ്പെട്ട് ജയിൽ വാസവും സസ്‌പെൻഷനും കഴിഞ്ഞ് ശിവശങ്കർ അടുത്തിടെയാണ് സർവ്വീസിൽ തിരികെ പ്രവേശിച്ചത്. അതിന് പിന്നാലെ സൃഷ്ടിച്ച വിവാദത്തിൽ ചീഫ് സെക്രട്ടറിക്കും സർക്കാരിനും അതൃപ്തിയുണ്ട്.