ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങളുടെ അമ്മയായി കോട്ടയത്തെ 42-കാരി

Advertisement

കോട്ടയം: ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കോട്ടയം സ്വദേശിനിയായ 42 വയസുകാരി. അതിരമ്പുഴ സ്വദേശിനിയായ പ്രസന്നകുമാരിയാണ് ഒറ്റ പ്രസവത്തിലൂടെ മൂന്ന് ആൺകുഞ്ഞുങ്ങൾക്കും ഒരു പെൺകുഞ്ഞിനും ജന്മം നൽകിയത്.

പ്രസന്നകുമാരിയുടെയും ഭർത്താവ് സുരേഷിന്റെയും ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത്.

നേരത്തെ ഐവിഎഫ് ചികിത്സ നടത്തി പരാജയപ്പെട്ട പ്രസന്നകുമാരി കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടത്തിയ ചികിത്സയിലാണ് സാധാരണ നിലയിൽ ഗർഭം ധരിച്ചത്. ആശുപത്രിയിലെ സീനിയർ ഗൈനെക്കോളജി കൺസൾട്ടന്റ് ഡോ. ഹരീഷ് ചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ ചികിസയിലൂടെയാണ്, എട്ടാം മസത്തിൽ നാല് കുട്ടികളെയും സിസേറിയനിലൂടെ സുരക്ഷിതമായി പുറത്തെടുത്തത്.

നാല് കുഞ്ഞുങ്ങളുണ്ടെന്ന് അറിഞ്ഞതോടെ വിദഗ്ധ ചികിത്സയും ആശുപത്രി ഒരുക്കിയതായി കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ.ബിനു കുന്നത്ത് പറഞ്ഞു. കുട്ടികൾക്ക് ഒരു ദിവസത്തെ വെൻറിലേറ്റർ സഹായം മാത്രമാണ് ആവശ്യമായി വന്നത്. ഒരാഴ്ച്ച നീണ്ട പരിചരണത്തിന് ശേഷം അമ്മയും കുഞ്ഞുങ്ങളും പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. ഇതിന്റെ സന്തോഷത്തിൽ കുട്ടികളുടെ ചികിസയുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം സൗജന്യമായി ലഭ്യമാക്കിയതായി കാരിത്താസ് ആശുപത്രി അറിയിച്ചു.