ചികിത്സയിലൂടെ കാഴ്ച തിരിച്ചു കിട്ടി; നന്ദി പറയാൻ കെനിയൻ മുൻ പ്രധാനമന്ത്രിയും കുടുംബവും കൂത്താട്ടുകുളത്തെ ആയുർവ്വേദ ചികിത്സാ കേന്ദ്രത്തിൽ

Advertisement

കൊച്ചി : കേരളത്തിലെ ആയുർവ്വേദ ചികിത്സയോട് നന്ദിപറയാൻ കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്കയും കുടുംബവും കൂത്താട്ടുകുളത്ത്.

ഇവിടെയുള്ള ശ്രീധരീയം നേത്ര ചികിത്സാ കേന്ദ്രത്തിൽ ചികിത്സച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മകൾ റോസ്‌മേരി ഒഡിങ്ക(44)യ്‌ക്ക് കാഴ്ച തിരിച്ചു കിട്ടിയത്. ഇതിന് നന്ദിയറിയിക്കാനും തുടർചികിത്സ നടത്താനുമാണ് റെയ്‌ല ഒഡിങ്ക കേരളത്തിൽ എത്തിയത്. നെടുമ്പാശേരിയിലെത്തിയ സംഘം ഹെലികോപ്റ്ററിൽ കൂത്താട്ടുകുളത്തെ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങി.

കണ്ണിലെ ഞരമ്പുകളിൽ ഉണ്ടായ രോഗബാധയെത്തുടർന്ന് 2017 ലാണ് റോസ്‌മേരിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. തുടർന്ന് ഇസ്രയേലിലും ചൈനയിലും ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ശ്രീധരീയത്തിലെ ആയുർവേദ ചികിത്സയെക്കുറിച്ച്‌ സുഹൃത്തുക്കളിൽ നിന്ന് അറിഞ്ഞു. ആദ്യം വരാൻ മടിച്ചിരുന്നു. ഡോക്ടറേറ്റും പിഎച്ച്‌ഡിയും ചെയ്ത വിദഗ്ധർക്ക് ചെയ്യാൻ സാധിക്കാത്തിടത്ത് ആയുർവ്വേദം എന്ത് ചെയ്യാനാണ് എന്നായിരുന്നു സംശയം. തുടർന്ന് 2019ൽ ഇവിടെയെത്തി ചികിത്സ തേടി.

ഒരുമാസം ഇവിടെ താമസിച്ച്‌ ചികിത്സ നടത്തി. മരുന്നുകൾ കൊടുത്തയച്ചിട്ടുമുണ്ടായിരുന്നു. രണ്ട് വർഷക്കാലം ആയുർവ്വേദ മരുന്ന് കഴിച്ച്‌ റോസ് മേരിക്ക് കാഴ്ചശക്തി തിരികെ ലഭിച്ചു.

ഇത് മാദ്ധ്യമങ്ങളിൽ വാർത്തയായി. ആയുർവേദ ചികിത്സയിലൂടെ കാഴ്ച ലഭിച്ച വിവരം ഇവർ മാദ്ധ്യമ അഭിമുഖങ്ങളിലും വിശദീകരിച്ചതോടെ കേരളത്തിലെ ആയുർവ്വേദത്തിന്റെ മേന്മ വിദേശത്തുമെത്തി. ഇതിന് നന്ദി അറിയിക്കാനാണ് അദ്ദേഹം കുടുംബസമേതം എത്തിയിരിക്കുന്നത്. അതോടൊപ്പം ചികിത്സ നടത്തുന്ന പ്രധാനമന്ത്രിയും കുടുംബവും ഏതാനും ദിവസങ്ങൾ കൂത്താട്ടുകുളത്ത് ഉണ്ടാവുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Advertisement