ശാസ്താംകോട്ട തടാകസംരക്ഷണം മറയാക്കി കോടികളുടെ തട്ടിപ്പ്; കൈക്കലാക്കിയ രേഖകൾ പുറത്ത്

Advertisement

ശാസ്താംകോട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ അടക്കമുള്ള തടാകങ്ങളുടെ സംരക്ഷണത്തിന്റെ മറവിൽ മൂന്നര കോടിയോളം രൂപ കൈക്കലാക്കിയതിന്റെ രേഖകൾ പുറത്ത്.

ശാസ്താംകോട്ടയെ കൂടാതെ അഷ്ടമുടി, വേമ്പനാട്ട് കായലുകളുടെ സംരക്ഷണങ്ങൾക്കായാണ് 3.43 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ നിയമ പ്രകാരം അറിയാനായത്. എന്നാൽ ഇത് പ്രകാരം ഒരു തരത്തിലുള്ള സംരക്ഷണ പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായി.

റാംസർ സൈറ്റുകളുടെ പട്ടികയിൽപ്പെട്ട തടാകങ്ങളുടെ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട് തണ്ണീർതടങ്ങളുടെ ഗുണനിലവാരം അളക്കൽ, നീർമറി പ്രദേശങ്ങളുടെ സംരക്ഷണപ്ലാൻ തയ്യാറാക്കൽ, വേമ്പനാട്ട് കായലിൽ കൂട് മത്സ്യകൃഷി, ശാസ്താംകോട്ട തടാകത്തിലെ മത്സ്യസമ്പത്തിന്റെ ജൈവ വൈവിധ്യം തിട്ടപ്പെടുത്തൽ, പായൽ നീക്കം ചെയ്യൽ, വെബ് പോർട്ടൽ, മൊബൈൽ ആപ് വികസനം തുടങ്ങിയവക്കാണ് പണം ചെലവഴിച്ചതെന്ന് വിവരാവകാശ രേഖയിൽ പറയുന്നു.

എന്നാൽ ശാസ്താംകോട്ട തടാകത്തിൽ നിന്നും പായൽ നീക്കം ചെയ്തത് മാത്രമാണ് നടപ്പിലാക്കിയ സംരക്ഷണ പ്രവർത്തനം. നാട്ടുകാരും സന്നദ്ധസംഘടനകളും ചേർന്ന് സേവന പ്രവർത്തനമായിട്ടാണ് പായൽ നീക്കിയത്. എന്നാൽ ഇതിനു മാത്രം മൂന്നുലക്ഷം രൂപ ചെലവായതായാണ് കണക്ക്. ശാസ്താംകോട്ട തടാകത്തിന് 59.63 ലക്ഷം രൂപയും അഷ്ടമുടിക്ക് 144.75 ലക്ഷം രൂപയും വേമ്പനാടിന് 140. 75 ലക്ഷം രൂപയും ഇത്തരത്തിൽ ചെലവഴിച്ചതായി സംസ്ഥാന തണ്ണീർതട അതോറിറ്റി നൽകിയ മറുപടിയിൽ പറയുന്നു. ശാസ്താംകോട്ട തടാകസംരക്ഷണ സമിതി ചെയർമാൻ കെ. കരുണാകരൻപിള്ളയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. കൊവിഡ് വ്യാപനത്തിന്റെ മറവിൽ നടന്ന ഈ പകൽകൊള്ളയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.