ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യം വിലയിരുത്താനെത്തിയ സംഘം പരിശോധന പൂർത്തിയാക്കി മടങ്ങി.
ഡോ. മങ്കേഷ്, ഡോ. ധർമ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സംഘത്തിൻറെ പരിശോധനയാണ് ബുധനാഴ്ച പൂർത്തിയായത്. ഉദ്ഘാടനം കഴിഞ്ഞ അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റൽ സൗകര്യം, പുതിയതായി നിർമിക്കുന്ന ബ്ലോക്കുകൾ തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.
മെഡിക്കൽ കോളജിലെ ഭൗതിക സൗകര്യങ്ങളും ആശുപത്രിയിൽ എത്തിച്ചേരുന്ന രോഗികളെ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ 30 ശതമാനം ഇനിയും പൂർത്തിയാകാനുണ്ട്. കുട്ടികളുടെ ഹോസ്റ്റലും അധ്യാപകർക്കുള്ള കെട്ടിടവുമാണ് പ്രധാനമായും പൂർത്തിയാവാനുള്ളത്. ഇത് രണ്ടും ഉടൻ പൂർത്തിയാക്കണമെന്ന് സംഘം നിർദേശിച്ചിട്ടുണ്ട്.
സർക്കാർ ഏജൻസിയായ കിറ്റ്കോ ആണ് നിർമാണ കരാർ എടുത്തിരുന്നതെങ്കിലും ഇവരുടെ ഉപ കരാറുകാർ നടത്തിയ മെല്ലെപ്പോക്കാണ് കാലതാമസത്തിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇടുക്കി പൂർണമായും മലയോര പ്രദേശയായതുകൊണ്ടാണ് നഗരപ്രദേശങ്ങളെ അപേക്ഷിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്നതെന്ന് സംഘത്തെ ബോധ്യപ്പെടുത്തി. ഏഴുവർഷം മുമ്പാരംഭിച്ച മെഡിക്കൽ കോളജിന് രണ്ടുവർഷം കഴിഞ്ഞപ്പോൾ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. തുടർന്നുള്ള അഞ്ചുവർഷവും അംഗീകാരത്തിന് അപേക്ഷനൽകിയെങ്കിലും കൗൺസിൽ നിർദേശിച്ചിരുന്ന അടിസ്ഥാന സൗകര്യങ്ങളും ചികിത്സയും തുടങ്ങാത്തതിനാൽ അംഗീകാരം ലഭിച്ചിരുന്നില്ല. ആശുപത്രിയിൽ 300 ബെഡ്, കാത്ത് ലാബ്, ഓങ്കോളജി, ഓർത്തോ, പീഡിയാട്രീഷൻ, ഗൈനക്കോളജി തുടങ്ങിയ പ്രധാന വകുപ്പുകളിൽ പ്രത്യേക വാർഡുകൾ എന്നിവ സ്ഥാപിക്കാതിരുന്നതും ജീവനക്കാരുടെ കുറവും അംഗീകാരം ലഭിക്കാൻ തടസ്സമായി. പരിശോധന റപ്പോർട്ട് സംഘം മടങ്ങിയെത്തിയാലുടൻ കൗൺസിലിന് നൽകും. അടിസ്ഥാന സൗകര്യം പൂർത്തിയാവാനുള്ള സാഹചര്യത്തിൽ അടുത്ത അധ്യയനവർഷം മുതൽ ക്ലാസുകൾ ആരംഭിക്കുന്ന കാര്യം സംശയമാണ്.