എന്നെ രക്ഷിക്കാന്‍ സൈന്യമുണ്ട്, നിന്നെ രക്ഷിക്കാന്‍ ആരുണ്ടെടാ

Advertisement

ദീപക് അനന്തന്‍

എന്നെ രക്ഷിക്കാന്‍ സൈന്യമുണ്ട്.,
നിന്നെ രക്ഷിക്കാന്‍ ആരുണ്ടെടാ എന്ന് കേരളത്തിന്‍റെ ദുരന്തനിവാരണ സിസ്റ്റത്തെ നോക്കി ബാബു എന്ന നെടുംപുള്ളി ചോദിച്ചിട്ടുണ്ടാകും.പ്രളയവും ഉരുള്‍പൊട്ടലും സാധാരണമായ ഒരു നാട്ടില്‍,സാഹസിക രക്ഷാപ്രവര്‍ത്തനം സൈന്യത്തിന്‍റെ പിടലിക്ക് വെച്ചിട്ട് വീടുപിടിക്കുന്ന നമ്മുടെ സേനകളുടെ ശേഷിയില്ലായ്മയുടെ ആഴത്തിലേക്കാണ് ബാബു വീണുപോയത്.വനത്തിലെ കൂരിരുട്ടില്‍ കീഴ്ക്കാംതൂക്കായ പാറയില്‍ വടം ഉറപ്പിച്ച് പുഷ്പം പോലെ ബാബുവിനെ തൂക്കിയെടുത്ത സൈന്യത്തിന്‍റെ ആയുധം അവരുടെ പിഴയ്ക്കാത്ത കാലുകളും അടിമുടി ഉലയാത്ത നിശ്ചയദാര്‍ഢ്യവും പരിചയസമ്പത്തും മാത്രം.സഹ്യപര്‍വ്വതം കോട്ടകെട്ടിയ ഒരു സംസ്ഥാനത്തിന്‍റെ സേനാ സിലബസില്‍ റോപ്പ് ക്ളൈമ്പിംഗ് എന്നാല്‍ ഫിസിക്കല്‍ പാസ്സാകാനുള്ള ഒരു എെറ്റം മാത്രമാണെന്ന കോമഡിയാണ് പൊത്തിലിരുന്ന ബാബു 48 മണിക്കൂര്‍ കേരളത്തോട് പങ്കുവെച്ചത്.!
.
ഒാപ്പറേഷന്‍ ബാബുവിന്‍റെ ലൈവ് ടെലിക്കാസ്റ്റിനിടയില്‍ കോഴിക്കോട്ട് മോട്ടോര്‍ വാഹനവകുപ്പ് പെര്‍മിറ്റില്ലാത്ത ബസ് സിനിമാ സ്റ്റൈലില്‍ പിടികൂടിയ ഞെട്ടിക്കുന്ന വാര്‍ത്തയുമുണ്ടായി.പിന്നാലെ പോയി ഒാവര്‍ടേക്ക് ചെയ്ത് വണ്ടി നിര്‍ത്തിച്ച് ഫൈനടിച്ചു.അയ്നെയാണ്, കുപ്രസിദ്ധ പോക്കറ്റടിക്കാരന്‍ തുരപ്പന്‍ കൊച്ചുണ്ണിയെ സിഎെഡി മൂലംകുഴിയില്‍ സഹദേവന്‍ അതിസാഹസികമായി പിടികൂടിയിരിക്കുന്നു എന്ന ഇന്ദ്രന്‍സിന്‍റെ തീക്കനല്‍ വര്‍ക്കിയുടെ പത്രപ്രവര്‍ത്തന ശൈലിയില്‍ ചാനലുകള്‍ കൊഴുപ്പിച്ചത്.സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്‍റെ കപ്പിന് കടിപിടി കൂടിയതു പോലെ ബാബുവിനെ പിച്ചിപ്പറിക്കുന്നതിന്‍റെ മുന്നോടിയായി ഇപ്പോള്‍ എന്താണ് തോന്നുന്നത് എന്ന് ചോദിച്ച് ക്യാമറസംഘങ്ങള്‍ മാതാവിന് മുന്നിലേക്ക് ചാടിവീണു.ആദ്യരാത്രി എന്നൊക്കെ പറയും പോലെ, രോമാഞ്ചിഫിക്കേഷന്‍ സൃഷ്ടിക്കുന്ന കലാരൂപമായ ആദ്യദൃശ്യങ്ങള്‍ വഴിയിലെവിടെയോ കിടന്ന് തങ്ങള്‍ക്ക് മാത്രം കിട്ടിയ വിവരം എല്ലാ ചാനലുകളും താസീല്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് സഹിതം എഴുതിക്കാണിച്ചു.ബാബുവിനെ രക്ഷിക്കാന്‍ മൂന്നുകിലോ മരച്ചീനി ചുമക്കാന്‍ കഴിയുന്ന മൂന്ന് ഡ്രോണുകള്‍ മലമ്പുഴയിലേക്ക് വിട്ടതായി,ആത്മപ്രശംസ ഒട്ടുമിഷ്ടമല്ലാത്ത ദാമോദര്‍ജിയെ പോലെ 24 ന്യൂസ് നിര്‍ദാക്ഷിണ്യം തള്ളി.അതോടെ ഇനി നിന്നാല്‍ അശ്വത്ഥാമാവ് അഥവാ പോസ്റ്ററൊട്ടിക്കാനുള്ള വെറും മൈദാമാവ് പരുവത്തിലാകും തങ്ങളെന്ന് മനസ്സിലാക്കി മറ്റു ചാനലുകള്‍ ലൈവ് നിര്‍ത്തി ക്യാമറാമേനോനുമായി തൊട്ടടുത്ത മല ലക്ഷ്യമാക്കി നീങ്ങി.!

കേരളത്തിന്‍റെ സ്വന്തം സൈന്യമെന്നൊക്കെ പൊക്കിയടിച്ച്,നീയാ മത്സ്യത്തൊഴിലാളികളെ ഒാസിയല്ലേടാ പ്രളയം അതിജീവിച്ചത് എന്ന നാലു കൊല്ലമായുള്ള ആക്ഷേപം സേനകളില്‍ ഒരു പരിവര്‍ത്തനവും ഉണ്ടാക്കിയില്ലെന്ന് ബാബുവിന്‍റെ ആദ്യപകലില്‍ തെളിഞ്ഞതോടെ സൈനിക വര്‍ണ്ണനയിലേക്ക് ക്യാമറകള്‍ തിരിഞ്ഞു.സിയാച്ചിന്‍,ലഡാക്ക്,വെല്ലിംഗ്ടണ്‍, പൂജപ്പുര,വിയ്യൂര് വഴി മേജര്‍ രവിയും സെറ്റും ചേര്‍ന്ന് സൈന്യത്തെ ഒരുപരുവത്തില്‍ മലയടിവാരത്തെത്തിച്ചു.ഫയല്‍വാന്‍ ജയിച്ചേ..എന്ന് പ്രഖ്യാപിക്കുന്ന പഞ്ചാബിഹൗസിലെ മുതലാളിയെ പോലെ,അടിയില്‍ ഒന്നുമില്ലാതെ ധൈര്യം ചോര്‍ന്ന നാടന്‍ സേനകളോട് സലാം പറഞ്ഞ് ജയ് ജവാനെന്ന് കേരളം ആര്‍ത്തുവിളിച്ചു. ഒാട്ടയടച്ചു.!

കാക്ക അന്തിത്തിരി കൊത്തിക്കൊണ്ടു വച്ച് തീപിടിക്കുന്ന കച്ചിത്തുറുവുകളും ഒാലപ്പുരകളുമൊക്കെയുള്ള സീന്‍ നാട് എന്നേ വിട്ടു.പൊട്ടിത്തെറിക്കുന്ന മലകളും പുഴകളും ഉയര്‍ത്തുന്ന പുത്തന്‍ വെല്ലുവിളികള്‍ക്ക് സജ്ജമാകാതെ പാതാളക്കരണ്ടി, പ്ളാസ്റ്റിക്ക്റോപ്പ്,വെള്ളംചീറ്റല്‍ ഇത്യാദി മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു ലൈന്‍ വിട്ടുപിടിക്കേണ്ട സമയമായി ശേഖരാ.തലയിലും വിരലിലും കുടുങ്ങുന്ന കലവും മോതിരവും ഊരാന്‍ മാത്രമല്ല, സൈനികന്‍ ബാലുവിനെ പോലെ തോളില്‍ ചുമക്കാനായില്ലെങ്കിലും റോപ്പില്‍ തൂങ്ങി ഒരു കുപ്പി വെള്ളമെങ്കിലും എത്തിക്കാന്‍ കഴിയുന്ന നട്ടും ബോള്‍ട്ടുമുള്ള ഒരു സേന വേണം നമുക്ക്.മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലാന്‍ കോടികള്‍ മുടക്കി തണ്ടര്‍ബോള്‍ഡ് സേന ഉണ്ടാക്കിയ നാടാണ്.!

ഫെയ്സ്ബുക് പോസ്റ്റിനോട് കടപ്പാട്