ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു; 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement

തൃശൂർ: ജോലി ചെയ്യുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു.

തേനീച്ച ആക്രമണത്തിൽ പരിക്കേറ്റ 13 പേരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ കൂർക്കമറ്റം പാടത്ത് വച്ചായിരുന്നു സംഭവം.

കുണ്ടുകുഴിപ്പാടം സ്വദേശികളായ വെള്ളക്കിളി വീട്ടിൽ ശീലാവതി, അടൂപ്പറമ്ബിൽ വത്സ രാജൻ, മാരാംകോട് സ്വദേശികളായ മൂത്തേടൻ വീട്ടിൽ എൽസി ജോർജ്ജ്, ചീരൻ വീട്ടിൽ ഡെയ്‌സി ഔസേപ്പ്‌എന്നിവർക്കാണ് ഗുരുതരമായി കുത്തേറ്റിട്ടുള്ളത്.

കൂർക്കമറ്റം സ്വദേശികളായ കോഴിപാടത്ത് മല്ലിക സുബ്രൻ, കൊല്ലേലി വീട്ടിൽ ശാന്ത ചന്ദ്രൻ, പോട്ടശേരി സുലോചന വിക്ടർ, സ്ഥാനക്കാരൻ വീട്ടിൽ കാളിക്കുട്ടി, പുതുക്കാടൻ വീട്ടിൽ ഉഷ സുരേന്ദ്രൻ, കുണ്ടുകുഴിപ്പാടം സ്വദേശികളായ കുന്നപ്പിള്ളി വീട്ടിൽ പുഷ്പ രാമചന്ദ്രൻ, പെരുമ്പടത്തി വീട്ടിൽ പങ്കജം, ഐക്കരത്ത് വീട്ടിൽ രാധ ജയകൃഷ്ണൻ, മാരാകോട് പള്ളിപാടൻ വീട്ടിൽ ലൂസി ഡേവീസ് എന്നിവരേയും നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

27അംഗ തൊഴിലുറപ്പ് തൊഴിലാളി സംഘമാണ് കൂർക്കമറ്റം പാടത്ത് ജോലിക്കെത്തിയത്. ശീലാവതിക്കാണ് ആദ്യം കുത്തേറ്റത്. ഇവരെ രക്ഷിക്കാനായി എത്തിയപ്പോഴാണ് മറ്റുള്ളവർക്കും തേനീച്ചയുടെ ആക്രമണമുണ്ടായത്. തീകത്തിച്ചാണ് തേനീച്ചകളെ ഓടിച്ചുവിട്ടത്. കുത്തേറ്റ പലരും സമീപത്തെ തോട്ടിലേക്ക് എടുത്ത് ചാടുകയും ചെയ്തു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Advertisement