ഫോൺ വിളിയെ ചൊല്ലി തർക്കം; പാലോട് യുവതി ഭർത്താവിനെ തലക്കടിച്ച്‌ കൊന്നു

Advertisement

പാലോട്: കുറുപുഴയിൽ യുവതി ഭർത്താവിനെ തലക്കടിച്ചു കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം ആദിത്യൻ ഭവനിൽ ഷിജു (40) വിനെയാണ് ഭാര്യ സൗമ്യ (33) ടൈലും ഹോളോബ്രിക്സും കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. ഷിജുവിൻറെ ഫോൺവിളിയിൽ സൗമ്യയ്ക്കുണ്ടായ സംശയവും തുടർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ദമ്പതിമാർ വീടിന് തൊട്ടടുത്ത ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിൽ പങ്കെടുത്തിരുന്നു. മക്കളോടൊപ്പമാണ് ഇവർ ഉത്സവത്തിന് എത്തിയത്. മക്കളുടെ പേരിലുള്ള നേർച്ച ഉരുളും മറ്റും കഴിയുകയും സൗമ്യ യാമ പൂജയിൽ പെങ്കടുക്കാൻ ക്ഷേത്രത്തിൽ തങ്ങുകയും ചെയ്തു. ഈ സമയം ഷിജുവും സൗമ്യയോടൊപ്പം ക്ഷേത്രത്തിലുണ്ടായിരുന്നു.

എന്നാൽ,10.30ഓടെ ഷിജുവിനെ ക്ഷേത്ര പരിസരത്ത് കാണാത്തതിനെ തുടർന്ന് സൗമ്യ വീട്ടിലേക്ക് പോയി. സൗമ്യ തിരികെ വീട്ടിൽ എത്തിയപ്പോൾ ഷിജു അടുക്കളയുടെ പുറത്തുനിന്ന് ഫോൺ ചെയ്യുന്നത് കണ്ടു. തുടർന്ന് ഫോൺ സൗമ്യ ചോദിച്ചെങ്കിലും നൽകാൻ ഷിജു തയാറായില്ല. പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഫോൺ ചെയ്തുകൊണ്ടിരുന്ന ഷിജുവിനെ പിന്നിലൂടെ എത്തിയ സൗമ്യ ആദ്യം തലയിൽ ഗ്രാനൈറ്റ് കഷ്ണം കൊണ്ട് അടിച്ച്‌ വീഴ്ത്തുകയും നിലത്ത് വീണപ്പോൾ തലയിലേക്ക് ഹോളോബ്രിക്ക്സുകൾ എടുത്തെറിയുകയും ചെയ്തെന്നാണ് സൗമ്യ പൊലീസിനോട് വെളിപ്പെടുത്തിയത്.

അടുക്കളയുടെ സമീപത്തുണ്ടായിരുന്ന ഹോളോബ്രിക്സും ടൈലും ഉപയോഗിച്ചാണ് സൗമ്യ ആക്രമണം നടത്തിയത്. സംഭവ സ്ഥലത്ത് തന്നെ ഷിജു മരിച്ചു. അടിയുടെ ആഘാതത്തിൽ ഷിജുവിൻറെ തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. കൃത്യം നടത്തിയ ശേഷം തിരികെ ഉത്സവസ്ഥലത്ത് എത്തിയ സൗമ്യ, ഭർത്താവിനെ കൊലപ്പെടുത്തിയ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്.