കുലവാഴയും കരിക്കിൻ കുലകളും സമർപ്പിച്ച്‌ കടപ്പൂർ നിവാസികൾ

Advertisement

ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കടപ്പൂർ നിവാസികൾ കാണിക്കയായി കുലവാഴ, കരിക്കിൻ കുലകൾ, കാണിപ്പണം എന്നിവ സമർപ്പിച്ചു.

കടപ്പൂർ ദേവീക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.വട്ടുകുളം ജം​ഗ്ഷനിൽ കടപ്പൂർ കൊട്ടാരം ഭാരവാഹികളുടെ സ്വീകരണം ഏറ്റുവാങ്ങി മാളോല, ഒളൂക്കാല വഴി ക്ലാമറ്റത്തെത്തിയപ്പോൾ താലപ്പൊലി, വാദ്യഘോഷങ്ങൾ എന്നിവയോടെ സ്വീകരണം നൽകി. അവിടെ നിന്നും വള്ളിക്കാട് വഴി തവളക്കുഴിയിൽ എത്തിയപ്പോൾ ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെയും വിവിധ ഹൈന്ദവ സമുദായ സംഘടനകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.

നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ്.ബിജു,ചൂരക്കുളങ്ങര ദേവീ വിലാസം എൻഎസ്‌എസ് കരയോഗം സെക്രട്ടറി ഷാജി നാഥ്, ദേവീ ക്ഷേത്ര ട്രസ്റ്റിനു വേണ്ടി പി. നീലകണ്ഠൻ നമ്പൂതിരി, ഗ്രാമ പഞ്ചായത്ത് അംഗം രജിത ഹരികുമാർ, ടൗൺ എസ്‌എസ് കരയോഗം സെക്രട്ടറി വി.എൻ. കേശവൻ നായർ, എസ്‌എൻഡിപി യൂണിയൻ പ്രതിനിധി പി.എൻ. രവീന്ദ്രൻ, ഓട്ടോ തൊഴിലാളി പ്രതിനിധി അനീഷ്, വ്യാപാരി സമിതി സെക്രട്ടറി എം.കെ. സുഗതൻ, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. നാരായണൻ, നഗരസഭാംഗങ്ങളായ വി.എസ്. വിശ്വനാഥൻ, ഉഷാ സുരേഷ്, കെ.കെ. ശോഭന കുമാരി, പി.പി. വിജയകുമാർ, ബിജെപി നേതാവ് മഹേഷ് രാഘവൻ എന്നിവർ നേതൃത്വം നൽകി. ഇവിടെ നിന്നു സാംസ്കാരിക ഘോഷയാത്രയായി താലപ്പൊലി, വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ പേരൂർ ജംക്‌ഷനിലെ ആറാട്ടു മണ്ഡപം കടന്ന് ക്ഷേത്രത്തിലെത്തിയപ്പോൾ ഉപദേശകസമിതി സെക്രട്ടറി കെ.എൻ.ശ്രീകുമാർ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആർ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്ന് കൊടിമരച്ചുവട്ടിൽ ഏറ്റുമാനൂരപ്പനുള്ള കാഴ്ചക്കുലകളും കരിക്കിൻ കുലകളും സമർപ്പിച്ചു. ഉത്സവത്തിനായുള്ള കാണിക്ക പട്ടിൽ പൊതിഞ്ഞു ഭാരവാഹികൾ ശ്രീകോവിന്റെ നടയിൽ സമർപ്പിച്ച്‌ അടുത്ത വർഷത്തെ നടത്തിപ്പിനുള്ള അനുവാദം ചോദിച്ച്‌ , കരക്കാരുടെ ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ഏറ്റുപറഞ്ഞതോടെ ചടങ്ങുകൾ സമാപിച്ചു. കടപ്പൂർ നിവാസികൾ ദേശാധിപനായ ഏറ്റുമാനൂരപ്പന് ഉത്സവത്തിന് സമർപ്പിക്കുന്നതാണ് കുലവാഴകളും കരിക്കിൻ കുലകളും. കടപ്പൂർ ദേവീ ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി ഡോ.എം.ജെ.എം. നമ്പൂതിരി, പ്രസിഡന്റ് എം.എ രാഘവൻ നായർ, സെക്രട്ടറി മനോജ് കൃഷ്ണൻ നായർ, ശശികുമാർ മാമലശ്ശേരി, വേണുക്കുട്ടൻ നടത്തിപ്പിനാൽ എന്നിവർ നേതൃത്വം നൽകി.