അഞ്ചുവർഷത്തിനുശേഷം ഭർത്താവിനെ കണ്ടു; അപകടം ജീവനെടുത്തു

Advertisement

ചങ്ങനാശ്ശേരി: അഞ്ചുവർഷത്തിനു ശേഷം വിദേശത്തുനിന്ന് എത്തിയ ഭർത്താവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടു വരവെ ഭാര്യയെ അപകടം തട്ടിയെടുത്തു. ചങ്ങനാശ്ശേരി പെരുന്ന തോപ്പിൽ വീട്ടിൽ ശ്യാമളയെ (60) ആണ് അപകടം തട്ടിയെടുത്തത്.

ഖത്തറിൽ ഡ്രൈവറായ ശ്യാമളയുടെ ഭർത്താവ് സാധാരണ വീട്ടിലേക്ക് വരുമ്പോൾ വിമാനത്താവളത്തിൽ നിന്ന് ടാക്സി പിടിച്ചാണ് വരാറുള്ളത്. എന്നാൽ, ഇപ്രാവശ്യം സഹോദരൻ അനിൽകുമാറിനൊപ്പം ഭർത്താവിനെ കൂട്ടിക്കൊണ്ടുവരാൻ ശ്യാമളയും പോകുകയായിരുന്നു. ചങ്ങനാശ്ശേരി തിരുമല ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിൽ പങ്കെടുത്തശേഷം രാത്രി 11 മണിയോടെയാണ് ഇവർ നെടുമ്പാശ്ശേരിക്ക് കാറിൽ പോയത്. വിമാനത്താവളത്തിൽനിന്ന് ഭർത്താവിനെയും കൂട്ടി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയത് അപകടത്തിലേക്കാണെന്ന് അറിഞ്ഞിരുന്നില്ല. ശ്യമളയുടെ ഭർത്താവ് ദാമോദരനും ശ്യാമളയുടെ സഹോദരൻ അനിൽകുമാറും ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുവൈത്തിലുള്ള മകൻ ദീപക്കിൻറെ വിവാഹം നടത്തണമെന്ന തീരുമാനത്തിലാണ് ദാമോദരൻ നാട്ടിലെത്തിയത്.