അച്ചടക്കവും അനുസരണയും ആർജിച്ചെടുക്കാനുള്ള സാഹചര്യം വിദ്യാർഥികൾക്ക് നൽകണം: കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ

Advertisement

പത്തനംതിട്ട: അച്ചടക്കവും അനുസരണയും സ്വയം ആർജിച്ചെടുക്കാനുള്ള സാഹചര്യം വിദ്യാർഥികൾക്ക് ഒരുക്കി നൽകണമെന്ന് ജില്ലാ കളക്ടർ ഡോ.

ദിവ്യ എസ്. അയ്യർ പറഞ്ഞു. സമഗ്രശിക്ഷ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല മത്സരങ്ങളിലെ വിജയികളെ അനുമോദിക്കുന്ന ചടങ്ങ് പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

സ്‌കൂൾ കാലഘട്ടത്തിലൂടെ ഭാവിയിൽ സൂക്ഷിച്ചു പിടിക്കാവുന്ന വർണാഭമായ സ്മരണങ്ങൾ നെയ്‌തെടുക്കാൻ വിദ്യാർഥികൾക്ക് കഴിയണം. കുട്ടിക്കാലത്തെ ഓർമകളാണ് മൗലികമായ മൂല്യങ്ങൾ വിദ്യാർഥികൾക്ക് സമ്മാനിക്കുന്നത്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ വ്യക്തിപരമായ സ്വാതന്ത്ര്യലബ്ധിക്കുള്ള സാഹചര്യം ഒരുക്കി കൊടുക്കണം. സ്‌കൂൾ കാലഘട്ടത്തിലെ ഓരോ ഓർമകളും സവിശേഷമായി തീർക്കാൻ ശ്രമിക്കണമെന്നും കളക്ടർ പറഞ്ഞു.

ദേശഭക്തി ഗാന മത്സരത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മല്ലപ്പള്ളി സെന്റ് ഫിലോമിനാസ്, യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എംജിയുപിഎസ് തുമ്പമൺ, ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജി എച്ച്‌ എസ് എസ് കോന്നി, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പന്തളം എൻ.എസ്.എസ് ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂൾ എന്നിവർക്ക് ജില്ലാ കളക്ടർ പുരസ്‌കാരം വിതരണം ചെയ്തു. പ്രാദേശിക ചരിത്ര രചനയിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് ജോർജ് മൗണ്ട് ഹൈസ്‌കൂൾ കൈപ്പട്ടൂരിലെ വിദ്യാർഥിനി അനഘ പ്രകാശ്, ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട മാർത്തോമ ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥി എസ്. അഭിഷേക്, ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പുറമറ്റം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥി കെ.ഡി. ദീപുമോൻ എന്നിവർക്കും കളക്ടർ പുരസ്‌കാരം വിതരണം ചെയ്തു.

മറ്റ് പുരസ്‌കാര ജേതാക്കൾ: ദേശഭക്തിഗാനം എൽ പി രണ്ടാം സ്ഥാനം റാന്നി സിഎംഎസ് എൽ പി എസ് എണ്ണൂറാം വയൽ, മൂന്നാം സ്ഥാനം പുല്ലാട് സിഎംഎസ് എൽ പി എസ് കോതവിരുത്തി, ദേശഭക്തിഗാനം യു പി രണ്ടാം സ്ഥാനം കലഞ്ഞൂർ ജിഎച്ച്‌എസ്‌എസ് ആൻഡ് വിഎച്ച്‌എസ് എസ്, മൂന്നാം സ്ഥാനം ഉളനാട് സെന്റ് ജോൺസ് യു പി എസ്, ദേശഭക്തിഗാനം ഹൈസ്‌കൂൾ രണ്ടാം സ്ഥാനം വള്ളംകുളം എൻഎച്ച്‌എസ്, മൂന്നാം സ്ഥാനം പഴവങ്ങാടി സെന്റ് തോമസ് ഹൈസ്‌കൂൾ.

ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എസ് കെ ജില്ലാ പ്രോജക്‌ട് കോ-ഓർഡിനേറ്റർ എ.പി. ജയലക്ഷ്മി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ രേണുകാഭായ്, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ് എസ് വള്ളിക്കോട്, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എ.കെ.പ്രകാശ്, ലജു പി തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. സന്തോഷ് കുമാർ, ബി.ആർ.സി. ബ്ലോക്ക് പ്രൊജക്‌ട് കോ-ഓർഡിനേറ്റർ എസ്. ശൈലജകുമാരി, കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ്, ഹെഡ്മാസ്റ്റർ മാത്യു എം. ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement