പരവൂർ; വീട് നിർമ്മിക്കുന്നതിന് ലഭിച്ച ഗ്രാൻറിൻറെ പങ്ക് നൽകാതിരുന്ന മകളെ ആക്രമിച്ച് കാൽ തല്ലി ഒടിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരവൂർ നെടുങ്ങോലം കൂനയിൽ ബിന്ദുവിലാസത്തിൽ അജയൻ (47) ആണ് പോലീസ് പിടിയിലായത്.
ഇയാളുടെ മകൾ അഞ്ജുവിന് പരവൂർ മുനിസിപ്പാലിറ്റിയിൽ നിന്നും വീട് നിർമ്മിക്കുന്നതിന് ഗ്രാൻറ് അനുവദിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് അവർ ഗൃഹനിർമ്മാണ സാമിഗ്രികൾ ഇറക്കി വീട് പണി ആരംഭിച്ചു. ഇത് അറിഞ്ഞ് ഈ വീട്ടിൽ നിന്നും പാരിപ്പളളിയിലേക്ക് കുറേ നാളുകളായി മാറി താമസിച്ച് വന്ന ഇവരുടെ പിതാവ് എത്തുകയും പണത്തിൻറെ പങ്ക് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഗൃഹനിർമ്മാണത്തിന് അനുവദിച്ച പണത്തിൻറെ പങ്ക് കൊടുക്കുവാൻ മകൾ തയ്യാറായില്ല.
പണം കൊടുക്കുന്നതിന് മകൾ വിസമ്മതിച്ച പ്രകോപനത്തിൽ ഇയാൾ മകളെ ആക്രമിക്കുകയായിരുന്നു. വീട് നിർമ്മാണത്തിന് പണിത് വച്ച കട്ടള ഉപയോഗിച്ച് അടിച്ച് മകളുടെ കാലിലെ അസ്ഥി ഒടിക്കുകയായിരുന്നു. മകൾ നെടുങ്ങോലം ആശുപത്രിയിൽ ചികിത്സയിലാണ്. പരവൂർ ഇൻസ്പെക്ടർ എ. നിസാറിൻറെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, നിസാം, വിനോദ്, സജിമോൻ സിപിഒ മാരായ ഷഫീർ, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻറ് ചെയ്തു.