കൊല്ലം: ക്ഷേത്ര പരിസരത്ത് പരസ്യമദ്യപാനം നടത്തിയത് ചോദ്യം ചെയ്ത ജനപ്രതിനിധിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ നാലമനേയും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം മൈലാപ്പുർ തുണ്ടുവിള വീട്ടിൽ ഹസൻ (21) ആണ് പോലീസ് പിടിയിലായത്.
ഉമയനല്ലൂർ വളളി അമ്പല പരിസരത്ത് വച്ച് ഗ്രാമപഞ്ചായത്ത് മെമ്പറായ രഞ്ചിത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. ക്ഷേത്ര പരിസരത്ത് പരസ്യ മദ്യപാനം നടക്കുന്നതറിഞ്ഞ് അന്വേഷിക്കാനെത്തിയ രഞ്ജിത്ത് മദ്യപാന സംഘത്തോട് അമ്പല പരിസരം വിട്ടു പോകാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ ഇവർ മെമ്പറെ തടഞ്ഞ് വച്ച് ആക്രമിക്കുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ച രഞ്ജിത്തിനെ കത്തി കൊണ്ട് വയറിലും ഇടത് ചുമലിലും കഴുത്തിലും കുത്തി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ സമീപവാസികൾ ചേർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. ഇവർ കൊട്ടാരക്കര സബ്ബ് ജയിലിൽ റിമാൻറിലാണ്. പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട നാലാമനെയാണ് ഇപ്പോൾ പോലീസ് പിടികൂടിയത്. കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ എം.സി യുടെ നേതൃത്വത്തിൽ കൊട്ടിയം സബ്ബ് ഇൻസ്പെക്ടർമാരായ സുജിത്ത് ജി നായർ, റെനോക്സ്, എ.എസ്.ഐ ഫിറോസ്ഖാൻ, സുനിൽകുമാർ, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻറ് ചെയ്തു.