കൊല്ലം: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന യുവാവിനെ ഇരവിപുരം പോലീസ് പിടികൂടി. വടക്കേവിള അയത്തിൽ പന്തപ്ലാവിള തെക്കതിൽ വീട്ടിൽ അമീർഷാ (മാട്, 35) ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ വടക്കേവിള എ.എസ് വില്ലയ്ക്ക് സമീപം റോഡിൻറെ വശത്ത് നിന്ന ശക്തികുളങ്ങര സ്വദേശിയായ വയോധികയുടെ കഴുത്തിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ഇയാൾ ബൈക്കിലെത്തി കവർന്നെടുത്തത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ അയത്തിൽ നിന്നും പോലീസ് പിടികൂടി.
പളളിമുക്കിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച മോഷണ മുതൽ പോലീസ് കണ്ടെടുത്തു. ഇയാൾ കഴിഞ്ഞയാഴ്ച പാലത്തറയിൽ വച്ച് ഒരു സ്ത്രീയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചിരുന്നതായും പോലീസിനോട് സമ്മതിച്ചു. ബൈക്കിൽ മീൻ കച്ചവടം നടത്തുന്ന ഇയാൾ രാവിലെ 9 മണിക്ക് ശേഷമുളള സമയമാണ് മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്. ഇരവിപുരം ഇൻസ്പെക്ടർ വി.വി അനിൽകുമാറിൻറെ നേതൃത്വത്തിൽ എസ്സ്.ഐമാരായ അരുൺഷാ, ഫിലോപ്പോസ് എ.എസ്.ഐ ഷാജി സി.പി.ഒ മാരായ ദീപു, വിനുവിജയ്, അഭിലാഷ്, അമ്പു, ദിലീപ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻറ് ചെയ്യ്തു.