വൈക്കം വിജയലക്ഷ്മി, സുനിത കൃഷ്ണൻ, ശാന്ത ജോസ്, യു.പി.വി. സുധ എന്നിവർക്ക് സംസ്ഥാന വനിതാരത്‌ന പുരസ്‍കാരം

Advertisement

തിരുവനന്തപുരം: 2021ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങൾ ആരോഗ്യ, വനിതാ, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു.
സാമൂഹ്യ സേവനത്തിനുള്ള വനിതാരത്‌ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗർ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം ഡോ. വൈക്കം വിജയലക്ഷ്മി, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണൻ, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയ്ക്കുള്ള പുരസ്‌കാരം കണ്ണൂർ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധ എന്നിവർക്കാണ്.

മാർച്ച്‌ എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നതാണ്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ശാന്താ ജോസ്

തിരുവനന്തപുരം ആർ.സി.സി.യിലെ രോഗികൾക്ക് സഹായകമായി ആശ്രയ എന്ന സംഘടന രൂപീകരിച്ച്‌ 25 വർഷങ്ങളായി സേവനം നൽകി വരുന്നു. ആർ.സി.സി.യിലെ രോഗികൾക്ക് ഒറ്റയ്ക്കല്ല എന്ന തോന്നൽ സൃഷ്ടിക്കുന്നതിനപ്പുറം ക്യാൻസർ രോഗികൾക്ക് നിലവിലുള്ള സ്‌കീമുകളേയും പദ്ധതികളേയും സംബന്ധിച്ച്‌ അവബോധം നൽകുന്നു. മാത്രമല്ല അവിടെ എത്തുന്ന രോഗികൾക്ക് അവരുടെ ആവശ്യം അറിഞ്ഞ് സാമ്പത്തികം ഉൾപ്പെടെയുള്ള പലവിധ സഹായങ്ങൾ നൽകി വരുന്ന വ്യക്തിയാണ് ശാന്താ ജോസ്.

വൈക്കം വിജയലക്ഷ്മി

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ വിജയം നേടിയ ശ്രദ്ധേയയായ പിന്നണി ഗായികയാണ് വൈക്കം വിജയലക്ഷ്മി. ജന്മനാ കാഴ്ചപരിമിതിയുള്ള വിജയ ലക്ഷ്മി കുട്ടിക്കാലം മുതൽ തന്നെ സംഗീതത്തിൽ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്ര ഗായിക, ഗായത്രീവീണ വായനക്കാരി എന്നീ നിലകളിലും പ്രശസ്തയാണ് വൈക്കം വിജയലക്ഷ്മി.

ഡോ. സുനിതാ കൃഷ്ണൻ

ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയാണ് പാലക്കാട്കാരിയായ ഡോ. സുനിതാ കൃഷ്ണൻ. മദ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങൾക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധ സംഘടനയുടെ സാരഥിയാണ്. മനുഷ്യാവകാശ പ്രവർത്തന മേഖലയിലെ മികവിനുള്ള രാജ്യാന്തര അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 2016ൽ പത്മശ്രീ പുരസ്‌കാരം നേടിയിരുന്നു.

ഡോ. യു.പി.വി. സുധ

ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ കീഴിലുള്ള എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയിൽ ബംഗളുരുവിൽ റിസർച്ച്‌ അസോസിയേറ്റായി പ്രവർത്തിക്കുന്ന വനിതയാണ് ഡോ. യു.പി.വി. സുധ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധ വിമാനങ്ങളുടെ രൂപകല്പനയിൽ ഇവർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പൈലറ്റില്ലാത്ത സ്‌ട്രൈക്ക് എയർ ക്രാഫ്റ്റ് വെഹിക്കിളിന്റെ രൂപകല്പനയിലും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും പങ്കാളിയായിട്ടുണ്ട്. ഇതോടൊപ്പം സാക്ഷരതാ പ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും പ്രവർത്തിച്ചു വരുന്നു.

Advertisement