കോട്ടയം: എംബിഎ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് വിദ്യാർഥിനിയുടെ കയ്യിൽ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത എംജി സർവകലാശാലാ പരീക്ഷാഭവൻ അസിസ്റ്റന്റ് സി ജെ എൽസിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം എൻക്വയറി കമിഷൻ ആൻഡ് സ്‌പെഷൽ ജഡ്ജി ജി ഗോപകുമാർ ആണ് ജാമ്യം അനുവദിച്ചത്.
ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്‌പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 28നാണ് എൽസിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം എംജി സർവകലാശാലയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ വേഗത്തിൽ നൽകുന്നതിന് എൽസി 1,10,000 രൂപ മുൻപ് വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.