കൊച്ചി: കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കഴിയുന്ന ബോട്ട്.വാട്ടർ മെട്രോയുടെ ആദ്യ ബോട്ടായ മുസിരിസ് കൊച്ചിയിലെ ജലപാതകളിൽ പരീക്ഷണ സവാരി നടത്തി , 23 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കു വേണ്ടി കൊച്ചി കപ്പൽശാലയിൽ നിന്നും പുറത്തേക്കെത്തുന്നത്.
വാട്ടർ മെട്രോ ബോട്ടിൽ 50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും ഒരേസമയം യാത്ര ചെയ്യാൻ കഴിയും. ബാറ്ററിയിലും ഡീസൽ ജനറേറ്റർ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബോട്ടെന്ന പുതുമയുമുണ്ട് ഇതിന്. എട്ട് നോട്ട് (നോട്ടിക്കൽ മൈൽ പെർ അവർ) ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാൾ വേഗത്തിൽ സഞ്ചരിക്കാനും കഴിയും എന്നതും എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്.
അതേസമയം, ഫ്‌ളോട്ടിംഗ് ജെട്ടികളായതിനാൽ ബോട്ടും ജെട്ടിയും എപ്പോഴും ഒരേനിരപ്പിലായിരിക്കും. അതിനാൽ ഏറ്റവും സുരക്ഷിതമായി കുട്ടികൾക്കും മുതിർന്നവർക്കും കയറുകയും ഇറങ്ങുകയും ചെയ്യാം. കായൽപരപ്പിലൂടെ വേഗത്തിൽ പോകുമ്പോഴും പരമാവധി ഓളം ഉണ്ടാക്കുന്നത് കുറയ്ക്കുന്ന രീതിയിലാണ് ബോട്ടിൻറെ ഘടന.
76 കിലോമീറ്റർ നീളത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സർവീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടർ മെട്രോ. വാട്ടർമെട്രോ ടെർമിനലുകളുടെയും ബോട്ടുകളുടെയും നിർമാണം വളരെ വേഗം പുരോഗമിക്കുകയാണ്. 38 ടെർമിനലുകളിൽ മൂന്നെണ്ണത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.
കാക്കനാട്, വൈറ്റില, ഏലൂർ ടെർമിനലുകളാണ് പൂർത്തിയായിരിക്കുന്നത്. വൈപ്പിൻ, ബോൾഗാട്ടി, ഹൈക്കോർട്ട്, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ എന്നിവയുടെ നിർമാണം ജൂണോടെ പൂർത്തിയാകും. വൈറ്റില-കാക്കനാട് റൂട്ടിൽ ഡ്രഡ്ജിംഗ് പൂർത്തിയായി. ഹൈക്കോർട്ട്-വൈറ്റില റൂട്ടിൽ ഡ്രഡ്ജിംഗ് പുരോഗമിക്കുന്നു.