അഞ്ചൽ: ബാങ്ക് ഉദ്യോഗസ്ഥയുടെ വാടകവീട്ടിൽ സഹായിയായിരുന്ന സ്ത്രീയെ മുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തി.
ആറ്റിങ്ങൽ ആലങ്കോട് പാവൂർക്കോണം പാറവിള വീട്ടിൽ ബിന്ദുവിനെയാണ് (41) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടുടമയാണ് മുറ്റത്തെ അലക്ക് കല്ലിനോട് ചേർന്ന് തല പൊട്ടി രക്തം വാർന്ന് മരിച്ചനിലയിൽ ബിന്ദുവിനെ കണ്ടത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അഞ്ചൽ സൗത്ത് ഇൻഡ്യൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ റിയയോടൊപ്പം ബിന്ദുവും താമസിച്ചുവന്നത്. ജോലി ആവശ്യങ്ങൾക്കായി ഏതാനും ദിവസങ്ങളായി റിയ ചെന്നൈയിലായതിനാൽ ബിന്ദു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രണ്ടാംനിലയുടെ മുകളിൽ ഫോൺ ചെയ്ത് നടന്നപ്പോൾ കാൽവഴുതി താഴെ വീണതായിരിക്കാമെന്നാണ് പൊലീസ് സംശയം.
ബിന്ദുവിന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയാരോപിച്ചു. ബിന്ദു ഏറെനാളായി ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ്. 17 വയസുള്ള മകനും 14 വയസുള്ള മകളുമുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.