തിരുവനന്തപുരം: സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി.
സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം ചില സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകൾ പാലിക്കുന്നില്ല എന്ന പരാതികൾ ഉയർന്നിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ എൻഒസിയോടെ പ്രവർത്തിക്കുന്നതാണ് ഈ സ്ഥാപനങ്ങൾ. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാനുള്ള ബാധ്യത ഈ സ്ഥാപനങ്ങൾക്കുണ്ട്. കൃത്യമായ മാർഗരേഖ പുറത്തിറക്കിയാണ് സ്കൂളുകൾ തുറന്നതും പ്രവർത്തിക്കുന്നതും. മാർഗരേഖ പ്രകാരമുള്ള നടപടികൾ സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകളും പാലിക്കണം.
ക്ലാസ് നടത്തിപ്പിലും, പഠനാന്തരീക്ഷം സുഗമമാക്കുന്നതിലും എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാണ്. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഗുണമേന്മാ വിദ്യാഭ്യാസം എന്ന നിലപാടിനെ മുൻനിർത്തി എടുക്കുന്ന തീരുമാനങ്ങൾ, നടപ്പാക്കാൻ സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകൾ തയ്യാറാകണമെന്നും മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.