ചന്തിരൂർ വി.എം അബ്ദുല്ലാഹ് മൗലവി തിരുവനന്തപുരം വലിയ ഖാസി

Advertisement

തിരുവനന്തപുരം: പ്രമുഖ പണ്ഡിതനും ആലപ്പുഴ ചന്തിരൂർ ജാമിഅ മില്ലിയ്യഃ പ്രിൻസിപ്പാളുമായ വി.എം അബ്ദുല്ലാഹ് മൗലവിയെ തിരുവനന്തപുരം വലിയ ഖാസിയായി നിയമിച്ചതായി കേരളാ ഖത്തീബ്‌സ് ആൻഡ് ഖാസി ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തലസ്ഥാനത്തെ പ്രഥമ വലിയ ഖാസിയായിരുന്ന ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റാ മൗലവിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് അബ്ദുല്ലാഹ് മൗലവി തിരഞ്ഞെടുക്കപ്പെട്ടത്. 1974ൽ വെല്ലൂർ ജാമിഅഃ ബാഖിയാത്തു സ്സ്വാലിഹാത്തിൽ നിന്നും ബാഖവി ബിരുദം നേടിയ അദ്ദേഹം, ഈരാറ്റുപേട്ട മയ്യത്തുംകര, ചന്തിരൂർ ഫാറൂഖിയ്യ തുടങ്ങി പ്രമുഖ മഹല്ലുകളിൽ ഖത്തീബും മുദരിസുമായി സേവനം ചെയ്തിട്ടുണ്ട്.

ശൈഖ് ഹസ്സൻ ഹസ്രത്ത്, ശൈഖ് അബ്ദുറഹ്മാൻ ഫള്ഫരി, മുസ്ത്വഫാ ആലിം സാഹിബ്, വി.എം മൂസാ മൗലവി, കെ.എം മുഹമ്മദ് ഈസാ മൗലവി എന്നിവർ പ്രധാന ഗുരുനാഥൻമാരാണ്. ഇസ്‌ലാമിക വൈജ്ഞാനിക ശാഖകളിൽ നൈപുണ്യമുളള അദ്ദേഹത്തിന് സംസ്ഥാനത്തിനകത്തും പുറത്തും മതരംഗത്ത് സേവനം ചെയ്യുന്ന നിരവധി പ്രമുഖ പണ്ഡിതരുൾപ്പടെ വലിയ ശിഷ്യ സമ്പത്തുണ്ട്.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും ഗ്രാന്റ് മുഫ്തിയുമായിരുന്ന വി.എം മൂസാ മൗലവിയുടെ ഇളയ സഹോദരൻ കൂടിയായ അബ്ദുല്ലാ മൗലവി നിലവിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ്.

നിയുക്ത വലിയ ഖാസിയുടെ സ്ഥാനാരോഹണം മാർച്ച്‌ അവസാന വാരം നടക്കും.

Advertisement