കൊച്ചി: ശബരിമലയിൽ ഭക്ഷണബില്ലിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണം ദേവസ്വം വിജിലസ് അന്വേഷിക്കും.
ദേവസ്വം ബോർഡിൻറെ വിജിലസ് വിഭാഗം അന്വേഷിച്ച് നാലുമാസത്തിനകം ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
റിപ്പോർട്ട് ശബരിമല സ്പെഷൽ കമ്മീഷണർ മുഖേന ഹൈക്കോടതിക്ക് നൽകാനും ജസ്റ്റീസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റീസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻറെ ഉത്തരവിൽ പറയുന്നു.
ഗസ്റ്റ്ഹൗസിൽ താമസത്തിനെത്തുന്ന വിഐപികളുടെ പേരിൽ വ്യാജ ഭക്ഷണ ബില്ലുകൾ തയാറാക്കി പണം തട്ടുന്നുണ്ടെന്നും ഇതന്വേഷിക്കാനൊരുങ്ങിയ ദേവസ്വം ബോർഡ് വിജിലൻസിലെ ഉദ്യോഗസ്ഥരെ മാറ്റിയെന്നുമുള്ള വാർത്തകളെത്തുടർന്ന് ദേവസ്വം ബെഞ്ച് സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ഉത്തരവ്. ബയോ ടോയ് ലെറ്റുകളുടെ നിർമാണത്തിൽ ക്രമക്കേടുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.