തൊടുപുഴ: ഭക്ഷണപാക്കറ്റുകളിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തവർക്കെതിരെ കർശന നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.
ഭക്ഷ്യവസ്തുക്കൾ, പ്രത്യേകിച്ച് പാക്ക്ഡ് ഭക്ഷ്യവസ്തുക്കൾ നിർമിച്ച് വിൽപന നടത്തുന്ന നിർമാതാക്കളും വിൽപനക്കാരും ലേബൽ വിവരങ്ങൾ ഭക്ഷ്യവസ്തുക്കളിൽ പൂർണമായി ഉൾപ്പെടുത്തണം.
ഇതില്ലെങ്കിൽ മൂന്നുലക്ഷം രൂപവരെ പിഴ ഈടാക്കാവുന്ന കുറ്റവുമാണ്. ജില്ലയിൽ 2014 മുതൽ 72 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏകദേശം 12 ലക്ഷം വരെ ജില്ലയിൽ ആർ.ഡി.ഒ ഇത്തരം കേസുകൾക്ക് പിഴ ഈടാക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുവിൻറെ പേര്, ചേരുവകളുടെ പട്ടിക അവരോഹണക്രമത്തിൽ, പോഷക ഘടകങ്ങൾ സംബന്ധിച്ച വിവരം, അളവ്/ തൂക്കം, അടങ്ങിയിട്ടുള്ള വസ്തുക്കൾ, നിർമിച്ച/പാക്ക് ചെയ്ത തീയതി, ഉൽപാദിപ്പിച്ച രാജ്യം (ഇറക്കുമതി ചെയ്തതാണെങ്കിൽ) എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം കൃത്യമായി ഉൾപ്പെടുത്തിയിരിക്കണമെന്ന് ജില്ല അസിസ്റ്റൻറ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.