രാമക്കൽമേട് കുറവൻ കുറത്തി ശിൽപത്തിന് സമീപം കാട്ടുതീ

Advertisement

നെടുങ്കണ്ടം: സഞ്ചാരികളെ പരിഭ്രാന്തരാക്കി രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിൽ കാട്ടുതീ പടർന്നു.

ബുധനാഴ്ച ഉച്ചയോടെ തമിഴ്നാട് വനമേഖലയിലുണ്ടായ കാട്ടുതീയാണ് രാമക്കൽമേട് മല നിരകളിലേക്ക് വ്യാപിച്ചത്. കുറവൻ കുറത്തി ശിൽപത്തിന് സമീപമാണ് സംഭവം.

ഈ സമയത്ത് രാമക്കൽമേടിൽ നിരവധി സഞ്ചാരികളുണ്ടായിരുന്നു. മേഖലയൊന്നാകെ പുകപടലം വ്യാപിച്ചത് സഞ്ചാരികൾക്ക് അസ്വസ്ഥതയുണ്ടാക്കി. എന്നാൽ, ഡി ടി പി സിയും അഗ്‌നിശമന സേനയും സഞ്ചാരികളെ നിയന്ത്രിച്ച്‌ സ്ഥലത്തുനിന്നും മാറ്റിയതിനാൽ അപകടമൊഴിവായി.

ശിൽപത്തിന് 200 മീറ്റർ അടുത്തുവരെ എത്തിയ കാട്ടുതീ പ്രദേശവാസികളും നെടുങ്കണ്ടം അഗ്‌നി രക്ഷസേനയും ചേർന്ന് നിയന്ത്രണവിധേയമാക്കി. സിവിൽ ഡിഫൻസ് അംഗങ്ങളായ അനിൽകുമാർ, അനന്തു, അശ്വതി, ജീപ് ഡ്രൈവർമാരായ യൂനസ്, നൗശാദ്, സീനിയർ ഫയർ റെസ്‌ക്യൂ ഓഫിസർ അജിഖാൻ, ഉദ്യോഗസ്ഥരായ സണ്ണി വർഗീസ്, അതുൽ, പ്രശോഭ്, ജിബിൻ, മാത്തുക്കുട്ടി, രാഹുൽ രാജ്, റെജിമോൻ എന്നിവരടങ്ങിയ സംഘമാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്.