തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോർട്ടൽ പൂർണ പ്രവർത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്.
കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള ഒരു നൂതന സംരംഭമാണ് ഈ പോർട്ടൽ. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയാണ് ഈ പോർട്ടൽ നാടിന് സമർപ്പിച്ചത്. ഓൺലൈനായി തന്നെ പരാതി നൽകാനും ഓൺലൈനായി തന്നെ നടപടിയെടുക്കാനും സാധിക്കുന്നു. ഇതിൽ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
അപേക്ഷ ലഭിച്ച് മൂന്ന് പ്രവർത്തി ദിവസത്തിനകം ഡൗറി പ്രൊഹിബിഷൻ ഓഫീസർ പ്രതിനിധി പരാതിക്കാരുമായി ബന്ധപ്പെടുന്നതാണ്. സംസ്ഥാനത്ത് നിന്നും സ്ത്രീധനം തുടച്ചുമാറ്റുന്നതിന് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
വധുവിന്റെ കുടുംബം, വരനോ വരന്റെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ സ്ത്രീധനം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പരാതി നൽകാവുന്നതാണ്. സ്ത്രീധന ദുരിതബാധിതരായ സ്ത്രീകൾ, മാതാപിതാക്കൾ, ബന്ധുക്കൾ, അംഗീകൃത സ്ഥാപനങ്ങൾ എന്നിവർക്ക് പരാതി നൽകാൻ കഴിയും.
ഓൺലൈനായി എങ്ങനെ പരാതിപ്പെടണം?
· ആദ്യമായി https://wcd.kerala.gov.in/dowry എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
· വിശദ വിവരങ്ങൾ വായിച്ച ശേഷം പരാതി സമർപ്പിക്കുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന ഒടിപി സബ്മിറ്റ് ചെയ്യുക
· അടിസ്ഥാനപരമായവ വിശദാംശങ്ങൾ ടെപ്പ് ചെയ്യണം.
· വിവരം നൽകുന്നയാൾ സ്വയം, രക്ഷകർത്താക്കൾ, ബന്ധുക്കൾ, സംഘടന എന്നീ ഏത് വിധേനയാണെന്ന് ക്ലിക്ക് ചെയ്യണം
· വിവരം നൽകുന്നയാളിന്റെ പേര്, ഇ മെയിൽ ഐഡി എന്നിവ നൽകണം
· ദുരിതം അനുഭവിക്കുന്ന സ്ത്രീയുടെ വിശദാംശങ്ങൾ, സംഭവം നടന്ന സ്ഥലം മേൽവിലാസം, പരാതിയുടെ സ്വഭാവം, സ്ത്രീധനമായി ആവശ്യപ്പെട്ടത് എന്താണ്, ബന്ധപ്പെടേണ്ട നമ്പർ, ഇ മെയിൽ വിലാസം എന്നിവ നൽകണം.
· ഈ പരാതി മുമ്പ് വേറെവിടെയെങ്കിലും നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം
· രേഖകൾ അപ് ലോഡ് ചെയ്ത ശേഷം സെക്യൂരിറ്റി കോഡ് നൽകിയ ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യാം.
രജിസ്റ്റർ പൂർത്തിയായി കഴിഞ്ഞാൽ എസ്.എം.എസ്. അറിയിപ്പ് നൽകും. ഓരോ ഘട്ടത്തിലും എസ്.എം.എസ്. അപ്‌ഡേറ്റുകൾ ലഭിക്കുന്നതാണ്. ലഭിക്കുന്ന രജിസ്‌ട്രേഷനുകൾ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥർക്ക് (ജില്ലാ ശിശുവികസന പദ്ധതി ഓഫീസർ) കൈമാറും. ഓരോരുത്തരും തിരഞ്ഞെടുത്ത അധികാരപരിധി അനുസരിച്ച്, അന്വേഷണം നടത്തി നോട്ടീസ് പുറപ്പെടുവിക്കും. ആവശ്യമെങ്കിൽ പോലീസ് സഹായവും നിയമസഹായവും നൽകും. പോലീസിന്റെയും, നിയമവിദഗ്ധരുടെയും, ഉപദേശം, സൈക്കോളജിക്കൽ കൺസൽട്ടേഷൻ എന്നീ സഹായങ്ങൾ പരാതിക്കാരിക്ക് ആവശ്യമാണെങ്കിൽ വകുപ്പ് വഴി നടപ്പിലാക്കുന്ന കാതോർത്ത് പദ്ധതി മുഖേന ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.
സംശയങ്ങൾക്ക് 0471 2346838 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.