ശുചിമുറി നിര്‍മ്മിക്കാന്‍ പണം നല്‍കിയില്ല; പഞ്ചായത്ത് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Advertisement


ശാസ്താംകോട്ട: ശുചിമുറി നിര്‍മ്മാണത്തിനായി അനുവദിച്ച തുക നല്‍കാതെ വീട്ടമ്മയെ കബളിപ്പിച്ച സംഭവത്തില്‍ പലിശ സഹിതം പണം നല്‍കാന്‍ ഉത്തരവ്. കുന്നത്തൂര്‍ പഞ്ചായത്തിനോടാണ് ഓംബുഡ്‌സ്മാന്‍ ഇക്കാര്യം ഉത്തരവിട്ടിരിക്കുന്നത്.

പഞ്ചായത്തിന് ഇത് മൂലം ഉണ്ടാകുന്ന നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കണമെന്നും തദ്ദേശ ഭരണ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ നിര്‍ദ്ദേശിച്ചു. 2014-15 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണഅ കുന്നത്തൂര്‍ ഐവര്‍കാല നടുവില്‍ എബനേസര്‍ ഭവന്‍ ഡെയ്‌സി ജോണിന് ശുചിമുറി നിര്‍മ്മാണത്തിന് 15,400 രൂപ അനുവദിച്ചത്. 2015 മാര്‍ച്ച് 23ന് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടെങ്കിലും ജൂലൈ 23നാണ് മുന്‍ കൂര്‍ 3400 രൂപ നല്‍കിയത്. ഇത് നിര്‍വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസറുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് ഓംബുഡ്‌സ്മാന്‍ വിലയിരുത്തി.

കരാര്‍ ഒപ്പിടുമ്പോള്‍ എട്ട് ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥന് അറിയാമായിരുന്നിട്ടും സമയബന്ധിതമായി പണി തീര്‍ക്കേണ്ടതിന്റെ ആവശ്യകത പരാതിക്കാരിയെ ബോധ്യപ്പെടുത്തിയില്ല. പഞ്ചായത്ത് സെക്രട്ടറിക്ക് പകരം ഹാജരായ ഹെഡ് ക്ലാര്‍ക്ക് പദ്ധതി 2015-16ല്‍ സ്പില്‍ ഓവറായി എന്ന് പറഞ്ഞിരുന്നു. എങ്കിലും സാമ്പത്തിക വര്‍ഷം പണി പൂര്‍ത്തിയാക്കി പരാതിക്കാരിക്ക് നല്‍കാനുള്ള ബാക്കി തുകയായ 12000 രൂപ കൊടുക്കാവുന്നതായിരുന്നു. എന്നാല്‍ ഇത് ചെയ്തിട്ടില്ല. 2016 ജനുവരിക്ക് മുന്‍പ് തന്നെ ശുചിമുറി നിര്‍മ്മാണം പൂര്‍ത്തികരിച്ചതാണെന്നും ബാക്കി തുക അനുവദിക്കുന്നതിനായി 2016 ജനുവരി എട്ടിന് തന്നെ അപേക്ഷ നല്‍കിയതായും പരാതിയിലുണ്ട്. യഥാസമയം തുക നല്‍കാതിരുന്നതില്‍ സെക്രട്ടറിക്കും നിര്‍വഹണ ഉദ്യോഗസ്ഥനും വീഴ്ചയുണ്ട്.

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടും തുക നല്‍കാതിരുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും ഓംബുഡ്‌സ്മാന്‍ പറഞ്ഞു. ബാക്കിയുള്ള 12000 രൂപ ഒന്‍പത് ശതമാനം പലിശയോടെ 2022 മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം. എന്തെങ്കിലും കാരണവശാല്‍ ഇതിന് പറ്റിയില്ലെങ്കില്‍ 2016 ഏപ്രില്‍ ഒന്ന് മുതല്‍ തുക നല്‍കുന്നത് വരെ പതിനഞ്ച് ശതമാനം പലിശ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

Advertisement