തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ കോഴ്സുകളിലെ അഖിലേന്ത്യ ക്വാട്ട സീറ്റുകളിലെ രണ്ടാം ഘട്ട അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്തെ പത്ത് സർക്കാർ മെഡിക്കൽ കോളജുകളിൽ ഇനി ബാക്കിയുള്ളത് 59 എം.ബി.ബി.എസ് സീറ്റുകൾ.
കേരളത്തിൽ അഖിലേന്ത്യ ക്വാട്ടയിൽ ആകെയുള്ള 232 സീറ്റുകളിൽ 172 വിദ്യാർഥികൾ പ്രവേശനം നേടി. അവശേഷിക്കുന്ന സീറ്റുകൾ മോപ് അപ് റൗണ്ട് കൗൺസലിങ്ങിലൂടെ നികത്തും. കഴിഞ്ഞ വർഷം വരെ രണ്ട് റൗണ്ട് അലോട്ട്മെൻറുകൾക്ക് ശേഷം ബാക്കിയുള്ള സീറ്റുകൾ സംസ്ഥാന ക്വാട്ടയിലേക്ക് തിരിച്ചുനൽകിയിരുന്നു. ഇത്തവണ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മുഴുവൻ സീറ്റുകളും നാല് റൗണ്ട് കൗൺസലിങ്ങിലൂടെ അഖിലേന്ത്യ ക്വാട്ടയിൽതന്നെ നികത്തും.
കോഴിക്കോട് മെഡിക്കൽ കോളജിൽ അഖിലേന്ത്യ ക്വാട്ടയിലെ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം നടന്നു. തിരുവനന്തപുരത്ത് നാലും കോട്ടയത്ത് രണ്ടും തൃശൂരിൽ എട്ടും ആലപ്പുഴയിൽ 11ഉം എറണാകുളത്ത് അഞ്ചും മഞ്ചേരിയിൽ എട്ടും കണ്ണൂരിൽ ഏഴും കൊല്ലത്ത് പത്തും പാലക്കാട് അഞ്ചും വീതം സീറ്റുകളാണ് ബാക്കിയുള്ളത്.
അഖിലേന്ത്യ ക്വാട്ടയിൽ രണ്ടാംഘട്ടത്തിൽ അലോട്ട്മെൻറ് ലഭിക്കുകയും പ്രവേശനം നേടുകയും ചെയ്തവർക്ക് സംസ്ഥാന കൗൺസലിങ് പ്രവേശന നടപടികളിൽ തുടർന്ന് പങ്കെടുക്കാനാകില്ല. സംസ്ഥാന റാങ്ക് പട്ടികയിൽനിന്ന് അഖിലേന്ത്യ ക്വാട്ടയിൽ രണ്ടാം ഘട്ടത്തിൽ പ്രവേശനം നേടുകയും സംസ്ഥാനത്തെ പ്രവേശന നടപടികളിൽനിന്ന് ഒഴിവാക്കുകയും ചെയ്തവരുടെ പട്ടിക പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.