തിരുവനന്തപുരം: റോഡപകടങ്ങളും വാഹനാപകട ദുരന്തങ്ങളും ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതലുകൾക്ക് പ്രാധാന്യം നൽകിയുള്ള കർമ്മ പരിപാടികൾക്ക് രൂപം നൽകണമെന്ന് റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം (ആർഎഎഎഫ്) സംസ്ഥാന പ്രസിഡന്റ് ഡോ.കെ എം അബ്ദു അധികൃതരോട് ആവശ്യപ്പെട്ടു. കരിക്കുലം കമ്മിറ്റി രൂപം കൊണ്ട സാഹചര്യത്തിൽ വരും തലമുറകളെ റോഡ് സംസ്‌കാരവുമായി ബന്ധിപ്പിക്കുന്ന തരത്തിൽ റോഡ് സുരക്ഷാ വിഷയം സ്‌കൂൾ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനം സംസ്ഥാന മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ ശേഷം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന റോഡു സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർധിച്ചു വരുന്ന റോഡപകടങ്ങൾക്കെതിരെ നിതാന്ത ജാഗ്രത ലക്ഷ്യമിട്ട് ‘ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്സ്’ എന്ന ആപ്തവാക്യവുമായി കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി പ്രവർത്തിച്ച് വരുന്ന റാഫിന്റെ ആഭിമുഖ്യത്തിൽ റോഡുസുരക്ഷാ ബോധവൽക്കരണം തുടർപരിപാടിയായി സംസ്ഥാനത്തുടനീളം നടത്തി വരുന്നു. വാഹന വർധനവിന് അനുസരിച്ചുള്ള ശാസ്ത്രീയമായ റോഡു വികസനം, അപകട മേഖലകളും ബ്ലാക്ക് സ്‌പോട്ടുകളും കേന്ദ്രീകരിച്ചുള്ള ട്രാഫിക് പരിഷ്‌കരണം, ആവശ്യ ഇടങ്ങളിൽ സൈൻ ബോർഡുകൾ,ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ, സീബ്രാ ലൈനുകൾ എന്നിവ സ്ഥാപിക്കൽ, നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടി കൈക്കൊള്ളൽ, റോഡ് സുരക്ഷാ മേഖലയിലെ സന്നദ്ധ സംഘടനാ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റി പുന: സംഘടിപ്പിച്ച് കാര്യക്ഷമമാക്കൽ, വിദ്യാർത്ഥികൾ, ഡ്രൈവർമാർ തുടങ്ങിയ സമസ്ത മേഖലകളിലും റോഡ് സുരക്ഷാ ബോധവൽക്കരണം കാര്യക്ഷമമാക്കൽ എന്നിവ നടപ്പാക്കുന്നതോടെ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാനും നിയന്ത്രിക്കാനും കഴിയും.
നിയമസഭാ സ്പീക്കർ, ഗതാഗത മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് കഴിഞ്ഞ പത്ത് വർഷ കാലത്തിനിടയിൽ യാതൊരു അപകടങ്ങളും വരുത്താത്ത സംസ്ഥാനത്തെ മാതൃക ഡ്രൈവർമാരുടെ ഡ്രൈവേഴ്‌സ് മീറ്റും റാഫ് സംസ്ഥാന സമ്മേളനവും മെയ് രണ്ടാം വാരത്തിൽ കോഴിക്കോട് വെച്ച് നടത്തപ്പെടുന്നു. റോഡു സുരക്ഷാ പ്രചരണ രംഗത്ത് മികവ് തെളിയിച്ച മാധ്യമ പ്രവർത്തകർക്കുള്ള റോഡ് സേഫ്റ്റി എക്‌സലൻസി അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.
റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജനറൽ സെക്രട്ടറി വിജയൻ കൊളത്തായി, വനിതാ ഫോറം സംസ്ഥാന ട്രഷറർ സാബിറ ചേളാരി, റിട്ട. എസ്പി. ടി. സുരേഷ് കുമാർ, വി. അജയ് കുമാർ, കെ. രാജേഷ്, എം. പുഷ്പ ലാലി, ഡോ. ശ്രീജ കൃഷ്ണ, എസ് എൻ വിജയകുമാർ, വി. ബി. അനില, സിറാജ് കരമന, സ്മിത സുരേഷ്, വിനോദ് കിള്ളി, കെ.എസ് പ്രതാപൻ, കെ. ബാബു തുടങ്ങിയവർ സംസാരിച്ചു. എസ് ആർ. രവികുമാർ സ്വാഗതവും മോഹൻ ജി പ്രചോദന നന്ദിയും പറഞ്ഞു.