കോഴിക്കോട്: മെഡിക്കൽ കോളേജിൽ റാഗിംഗിനെത്തുടർന്ന് രണ്ട് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. സീനിയർ വിദ്യാർത്ഥികൾ ജോലി ചെയ്യിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന ജൂനിയർ വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി.
കൊല്ലം സ്വദേശിയായ ജിതിൻ ജോയിയാണ് പരാതി നൽകിയത്. ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിതിൻ റാഗിംഗിനിരയായതിനെത്തുടർന്ന് മെഡിക്കൽ കോളേജിലെ പഠനം നിർത്തിയിരുന്നു. ജിതിൻ ഇപ്പോൾ തിരുവനന്തപുരത്തെ മറ്റൊരു കോളേജിൽ പഠനം തുടരുകയാണ്.
ഫെബ്രുവരി നാലിനും പതിനൊന്നിനും ഇടയിലാണ് റാഗിംഗ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. സീനിയർ വിദ്യാർത്ഥികൾ അമിതമായി ജോലി ചെയ്യിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ് മെഡിക്കൽ കോളേജിലുള്ളതെന്നും ജിതിൻ പരാതിയിൽ പറയുന്നു. ഇതേത്തുടർന്നാണ് അന്വേഷണ വിധേയമായി വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചത്.